കോട്ടയം: ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ചികിത്സാ പിഴവ് മൂലമാണ് ശിശു മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. ഇന്ന് ആരോഗ്യമന്ത്രിക്കു പരാതി നൽകും.
കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് കാരയ്ക്കൽ ഷിനുവിന്റെ ഭാര്യ ദിവ്യ(31)യുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലാണ് സംഭവം.
സംഭവത്തെക്കുറിച്ചു ഷിനു പറയുന്നതിങ്ങനെ: മെഡിക്കൽ കോളജിലെ ഗൈനക്കോളജി നാലാമത്തെ യൂണിറ്റിലാണ് ദിവ്യയുടെ പ്രസവ ചികിത്സയ്ക്കായി ഡോക്ടറെ കണ്ടുകൊണ്ടിരുന്നത്. ശനിയാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജിലെത്തിയ ദിവ്യയെ ചില പരിശോധനകൾക്കു ശേഷം നിരീക്ഷണ മുറിയിലേക്കു മാറ്റി. പിന്നീട് രാത്രി ഏഴിനു വീട്ടിലേക്കു പറഞ്ഞുവിട്ടു. വീട്ടിൽ എത്തിയശേഷം രാത്രി പതിനൊന്നോടെ ദിവ്യയ്ക്കു വയറുവേദന അനുഭവപ്പെട്ടു. ഉടൻ ദിവ്യയെ മെഡിക്കൽ കോളജിലെത്തിച്ചു.
പിന്നീട് ലേബർ റൂമിലേക്കു മാറ്റിയ ദിവ്യ അല്പസമയത്തിനു ശേഷം ഒരാൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് മരിച്ചനിലയിലാണ് ഉദരത്തിൽനിന്നു പുറത്തുവന്നത്. ഉടൻ ഡോക്ടറോട് അന്വേഷിച്ചപ്പോൾ കുട്ടി വയറ്റിൽ മരിച്ചുകിടന്നിട്ടു മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടെന്ന മറുപടിയാണ് കിട്ടിയത്.
തുടർന്ന് രാത്രി തന്നെ പല ഡോക്ടർമാരോടും ബന്ധപ്പെട്ടെങ്കിലും ഇതുതന്നെയാണ് ഭർത്താവ് ഷിനുവിനു കിട്ടിയ മറുപടി. പരിശോധനയ്ക്കു ശേഷം രാത്രി ഏഴിനാണ് ആശുപത്രിയിൽനിന്നു ദിവ്യ പോകുന്നത്. അപ്പോൾ വരെ കുട്ടി വയറ്റിൽ മരിച്ചുകിടക്കുന്ന വിവരം ഡോക്ടർമാർ സൂചിപ്പിച്ചിരുന്നില്ലെന്നും ഷിനു പറഞ്ഞു.
ഇതു ഡോക്ടർമാരുടെ അനാസ്ഥയാണെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.