ജനനവും മരണവുമൊന്നും മനുഷ്യന്റെ കൈയിലൊതുങ്ങുന്ന കാര്യമല്ലെന്നാണ് പറയാറ്. എന്നാൽ മരിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കുന്ന ഒരു ഗ്രാമമുണ്ട് ഈ ഭൂമിയിൽ.നോർവെയിലെ ലോങ്യെർബൈൻ എന്ന ദ്വീപിലാണ് മരണം നിരോധിച്ചിരിക്കുന്നത്. ജോണ് ലോങ്യെർ എന്ന അമേരിക്കക്കാരനാണ് 1906ൽ ഇവിടേക്ക് ആളുകളെ കൊണ്ടുവരുന്നത്.
500 തൊഴിലാളികളുമായി അദ്ദേഹം അന്ന് ഇവിടെയൊരു ഖനി തുറന്നു. പിന്നീട് ഈ തൊഴിലാളികളിൽ ചിലർ ഇവിടെ സ്ഥിരതാമസമാക്കുകയും ഇതൊരു ഗ്രാമമായി വളരുകയും ചെയ്തു. ഇപ്പോൾ 2000മാണ് ഇവിടത്തെ ജനസംഖ്യ. ഈ ചെറിയ ഗ്രാമത്തിൽ ആകെ ഒരു ശ്മശാനമെയുള്ളു. എന്നാൽ 70 വർഷം മുന്പ് ഇവിടെ മൃതദേഹം അടക്കം ചെയ്യുന്നത് അവസാനിപ്പിച്ചു.
ഈ പ്രദേശത്തെ കനത്ത തണുപ്പുകാരണം മുന്പ് അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങൾ അഴുകുന്നില്ല എന്നതായിരുന്നു ഇതിനു കാരണം. ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. ഒരാൾ ജനിച്ചതും വളർന്നതുമെല്ലാം ലോങ്യെർബൈനിലാണെങ്കിലും ആ നാട്ടിൽവച്ച് മരിക്കാൻ അനുവാദമില്ല. മരണാസന്നരായവരെ ഇവിടെനിന്ന് അടുത്തുള്ള ഗ്രാമത്തിലേക്കു മാറ്റും. അപ്രതീക്ഷിതമായി മരിക്കുന്നവരെപ്പോലും ഈ അയൽഗ്രാമത്തിൽകൊണ്ടുപോയാണ് സംസ്കരിക്കുന്നത്.
മരണം നിരോധിച്ചിരിക്കുന്ന ഈ നാട്ടിൽ ജനിക്കാനും പ്രയാസമാണ്. ഇവിടെ ഒരു ആശുപത്രിയില്ലെന്നതാണ് അതിനു കാരണം. ഗർഭിണികളായ സ്ത്രീകളെ പ്രസവമടുക്കുന്പോൾ അടുത്തുള്ള ഗ്രാമത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്.