മട്ടന്നൂർ: ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലോട് ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ മേറ്റടിയിലെ രയരോത്ത് വീട്ടിൽ ഭാസ്കര (54) നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ബസ്സ്റ്റാൻഡിനു സമീപത്തെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നിലയിലെ വരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്.
രാവിലെ എട്ടോടെ കട തുറക്കാനെത്തിയ വ്യാപാരിയാണ് ഭാസ്കരനെ കട വരാന്തയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. വായിൽ നിന്നു രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. വിവരം നൽകിയതിനെ തുടർന്നു മട്ടന്നൂർ സിഐ ജോഷി ജോസ്, എസ്ഐ ശിവൻ ചോടത്ത് എന്നിവർ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. വീട്ടിൽ പോകാതെ ഭാസ്കരൻ കുറെ നാളായി മട്ടന്നൂർ ടൗണിലെ വിവിധ കെട്ടിടങ്ങളിലാണ് രാത്രി കാലങ്ങളിൽ താമസിക്കാറുണ്ടതെന്നു നാട്ടുകാർ പറയുന്നു.
മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പറയാനാകുമെന്നു പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരേതനായ കൃഷ്ണൻ നമ്പ്യാർ-കല്യാണി ദന്പതികളുടെ മകനാണ് മരിച്ച ഭാസ്കരൻ. സഹോദരി: ശ്രീദേവി. മരിച്ച വിവരമറിഞ്ഞു നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.