കോട്ടയം: കാണാതായ വൈക്കം സ്വദേശിയായ പോലീസുകാരനെ കോട്ടയം ടൗണിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോഡ്ജിൽ മുറിയെടുക്കാൻ വന്നപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടുപേരെക്കുറിച്ച് വിവരമില്ല. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈക്കം കുടവെച്ചൂർ കാട്ടേഴത്ത് വീട്ടിൽ ബിനിൽ (40) ആണ് മരിച്ചത്.
കോട്ടയം ടൗണിൽ ശാസ്ത്രി റോഡിലെ ഒരു ലോഡ്ജിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ബിനിലിനെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ സമീപത്തെ മറ്റൊരു ലോഡ്ജിനടുത്ത് പോലീസുകാരന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തിയപ്പോൾ ഒരു ലോഡ്ജിലെ രജിസ്റ്ററിൽ പേരും വിലാസവും കണ്ടെത്തി. മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ലോഡ്ജ് ജീവനക്കാരും അപ്പോഴാണ് വിവരം അറിയുന്നത്. ഇന്നു രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്.
ബിനിൽ ഇന്നലെ ഈരാറ്റുപേട്ട സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയില്ല. വീട്ടിൽ അന്വേഷിച്ചപ്പോൾ തിങ്കളാഴ്ച കോട്ടയത്ത് കോണ്ഫറൻസുണ്ടെന്നു പറഞ്ഞ് പോയതായി അറിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു വിവരവും ലഭിക്കാതായപ്പോൾ വൈക്കം സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നല്കി. പരാതിയിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
അതേ സമയം ആത്മഹത്യ ചെയ്യേണ്ടതായ ഒരുസാഹചര്യവും നിലവിലില്ലെന്ന് ബിനിലിന്റെ ബന്ധുക്കൾ പറഞ്ഞു. മുറിയെടുത്തപ്പോൾ കൂടെയുണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഐശ്വര്യയാണ് ഭാര്യ. വരുണ് ദേവ് ഏക മകനാണ്. ബോസ്, ശോഭന എന്നിവരാണ് മാതാപിതാക്കൾ.