പുതുക്കാട് : ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. കല്ലൂർ പറോക്കാരൻ ദേവസി മകൻ ബിജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ പുതുക്കാട് സർവ്വീസ് സഹകരണ ബാങ്കിന് സമീപം സർവ്വീസ് റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റ ബിജു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴോടെ മരിക്കുകയായിരുന്നു.
പുതുക്കാട്- ആന്പല്ലൂർ മേഖലയിൽ സർവ്വീസ് റോഡിന്റെ ഇരുവശങ്ങളും മാസങ്ങളായി തകർന്നു കിടക്കുകയാണ്. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. നിരവധി വാഹനങ്ങളാണ് ഈ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നത്. കുഴികൾ അടയ്ക്കാനോ സർവ്വീസ് റോഡുകളുടെ ശോചിനിയാവസ്ഥ പരിഹരിക്കാനോ ടോൾ കന്പനി നടപടിയൊന്നുമെടുത്തിട്ടില്ല.
എന്നാൽ കരാർ വ്യവസ്ഥപ്രകാരം ടോൾ നിരക്ക് വർദ്ധിപ്പിക്കുന്ന കന്പനി ദേശീയപാതയുടെ അപര്യാപ്തകൾ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്. കിലോമീറ്ററുകളോളം സർവ്വീസ് റോഡ് ഇപ്പോഴും അപൂർണ്ണമാണ്. ഡ്രൈനേജും വിശ്രമ കേന്ദ്രങ്ങളും ബസ് ബേയും ഉൾപ്പെടെ ഇപ്പോഴും ബാക്കിയാണ്. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.