ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞത് ജാമ്യം ലഭിക്കാനുള്ള തന്ത്രമെന്ന സംശയം ബലപ്പെടുന്നു. ജയില്‍ വകുപ്പ് ഇപ്പോള്‍ ഈ സംശയമാണ് ഉന്നയിക്കുന്നത്.
സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും.
ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയില്‍ ഡിഐജിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ രണ്ട് കാര്യങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞത്. ഒന്ന് ജയിലില്‍ തനിക്ക് ഭീഷണിയുണ്ട്. മറ്റൊന്ന് പൊലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു.
ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകള്‍ ജയിലിലെത്തി സ്വപ്നയെ കണ്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
അതിനാല്‍ തന്നെ സ്വപ്നയുടെ വാദം തെറ്റാണെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്. സ്വപ്നയുടെ നിലപാട് തന്ത്രം എന്ന നിലക്കാണ് ജയില്‍ വകുപ്പ് കാണുന്നത്.
ജാമ്യം ലഭിക്കാനോ ജയിലില്‍ താമസിക്കുന്നത് ഒഴിവാക്കാനോ ഉള്ള നീക്കമായാണ് ഇതിനെ കാണുന്നത്. പ്രാഥമിക പരിശോധനയില്‍ അട്ടക്കുളങ്ങര ജയിലില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി ജയില്‍ വകുപ്പ് പറയുന്നില്ല.
അതേ സമയം സ്വപ്നയ്ക്കൊപ്പം വിദേശയാത്ര നടത്തിയ ഉന്നതന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെന്ന തരത്തില്‍ പ്രചരണങ്ങളും നടക്കുന്നുണ്ട്.