കോഴിക്കോട്: ഏഴു വര്‍ഷം മുമ്പ് കോഴിക്കോട്ടെ പോലൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതെന്നു സംശയം. മൃതദേഹവുമായി ബന്ധപ്പെട്ട കേസില്‍ ബ്ലാക്ക് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം സിബിഐയുടെ സഹായത്തോടെയാണ് ഇന്റര്‍പോള്‍ വഴി ബ്ലാക്ക് നോട്ടീസ് പുറത്തിറക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വിദേശപൗരന്മാരുടേതാണെന്നു സംശയം തോന്നിയാല്‍ അതതു രാജ്യങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ് ബ്ലാക്ക്നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ബംഗ്ലാദേശില്‍നിന്ന് ഭൂട്ടാന് വഴി അരുണാചല്‍പ്രദേശിലൂടെ കേരളത്തില്‍ എത്തുകയും ഹോട്ടല്‍ജോലി ചെയ്യുകയുമായിരുന്ന അമ്മാവന് ജമാലുദ്ദീനെ 2017 സെപ്റ്റംബര്‍ മുതല്‍ കാണാനില്ലെന്നായിരുന്നു പോസ്റ്റ്. കുടവയറുള്ള തടിച്ച ശരീരപ്രകൃതമായിരുന്നെന്നും മറ്റുമുള്ള ചില വിവരവും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചതോടെയാണ് മരിച്ചത് ബംഗ്ലാദേശ് സ്വദേശിയാണെന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ടായത്.
2017 സെപ്റ്റംബര്‍ 14നാണ് പറമ്പില്‍ ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്ത് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി 168 സെന്റീമിറ്റര്‍ പൊക്കവും എണ്‍പത് കിലോയിലധികം ഭാരവുമണ്ടായിരുന്ന 35 മുതല്‍ 40 വയസുവരെ പ്രായമുള്ള ആളാവാം മരിച്ചതെന്ന് പോലീസ് നിഗമനത്തിലെത്തി.
ഇസ്ലാം മോസം ഫേസ് ബുക്കില്‍ പങ്കുവച്ച ഫോട്ടോയിലുള്ള ആളുടെ പ്രായം പറഞ്ഞത് 36 വയസെന്നായിരുന്നു. ഇതോടെയാണ് മരിച്ചത് ബംഗ്ലാദേശ് സ്വദേശിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ചേവായൂര്‍ പോലീസ് അന്വേഷിച്ച കേസ് 2018 ജനുവരി 29 നാണ് കോഴിക്കോട് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി 2020 മാര്‍ച്ചില്‍ മൃതദേഹം കുഴിച്ചിട്ട ഭാഗത്തുനിന്ന് തലയോട്ടി പുറത്തെടുത്ത് മുഖത്തിന്റെ രൂപം ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി രേഖാചിത്രം തയാറാക്കിയ ആദ്യ കേസ് കൂടിയാണിത്.