ചെന്നൈ: പുഴക്കരയിൽ പ്രാർഥനാ ചടങ്ങുകൾ നടത്തുന്നതിനിടെ അഞ്ച് പൂജാരിമാർ മുങ്ങിമരിച്ചു. ദക്ഷിണ ചെന്നൈയിലെ മാടിപ്പാക്കം മേഖലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
നാഗനല്ലൂർ സ്വദേശികളായ സൂര്യ(24), വനേഷ്(20), രാഘവൻ(18), മാടിപ്പാക്കം സ്വദേശി രാഘവൻ(22), കീൽക്കട്ടളെ സ്വദേശി യോഗേശ്വരൻ(23) എന്നിവരാണ് മരിച്ചത്.
മൂവസരൺപേട്ടിലെ ധർമലിംഗേശ്വർ ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾക്കായി എത്തിയ 25 അംഗ പൂജാരി സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പ്രാർഥനയ്ക്കിടയിൽ പുഴയിലേക്ക് ഇറങ്ങിയ വേളയിലാണ് യുവാക്കൾ മുങ്ങിപ്പോയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല. അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.