തിരുവനന്തപുരം: തന്റെ സഹോദരിയുടെ മരണത്തിനുത്തരവാദികളായവർ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നതിൽ വേദന പങ്കു വച്ച് വിദേശയുവതി.
കോവളത്ത് വിദേശയുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും വിചാരണ പോലും നടക്കാത്തതിനാൽ നീതി തേടിയാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേരളത്തിലെത്തിയിരിക്കുന്നത്.
യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ നിന്നെത്തിയ യുവതി നീതി തേടി മുഖ്യമന്ത്രിയേയും പോലീസിനേയും സമീപിക്കുകയാണ്. വിചാരണ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെത്തിയ ലാത്വിയൻ യുവതി 2018 മാർച്ച് 14നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.യുവതിയെ മയക്കുമരുന്ന് നല്കി ക്രൂരമായി പീഡിപ്പിച്ച ശേഷം കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു.
ഒരു മാസത്തിന് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉമേഷ്, ഉദയൻ എന്നീ യുവാക്കൾ അറസ്റ്റിലായത്. പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
ആയുർവേദ ചികിത്സയ്ക്കായാണ് ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾ ജാമ്യത്തിലറിങ്ങി സ്വതന്ത്രരായി നടക്കുകയാണ്.
തന്റെ സഹോദരിയുടെ മരണം കുടുംബത്തിനെ വല്ലാതെ ബാധിച്ചുവെന്നും പ്രതികൾ സമൂഹത്തില്‍ സ്വതന്ത്രരായി നടക്കുന്നത് വേദനയോടെയാണ് കാണുന്നതെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറയുന്നു.
സഹോദരിക്ക് അർഹതപ്പെട്ട നീതി നിഷേധിക്കപ്പെടുകയാണെന്നും ഇവർ പറയുന്നു.വിദേശത്ത് നിന്ന് പലതവണ മുഖ്യമന്ത്രിയുമായും അധികാരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ടിട്ടും മറുപടി ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവർ കേരളത്തിലെത്തിയത്.
യുവതി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ വീണ്ടും സമീപിക്കുമെന്നും യുവതി പറയുന്നു. സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ കേരളം വിടുകയുള്ളുയെന്ന ദൃഢനിശ്ചയത്തിലാണ് ഇവർ.