ആലുവ: മരിച്ചെന്ന് കരുതിയാൾ മഹസർ തയാറാക്കാനായി ഫോട്ടോ എടുക്കുന്നതിനിടയിലെ കാമറ ക്ലിക്കിൽ ജീവനോടെ ഉണർന്നു. കഴിഞ്ഞ ദിവസം എടത്തല പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അസാധാരണമായ ഈ പുനർജന്മം.
എടത്തല കൊടികുത്തിമലയിൽ താമസിച്ചിരുന്ന ഇയാളെ രണ്ട് ദിവസമായി പുറത്ത് കണ്ടിരുന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അകത്തേ മുറിയിൽ ചലനമില്ലാതെ കിടക്കുന്ന ഇയാളെ കണ്ടെത്തിയത്.
വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. വീട് തുറന്നു പരിശോധിച്ചതിൽനിന്നും നാട്ടുകാരുടെ അഭിപ്രായം പോലെ ഇയാൾ മരിച്ചുവെന്ന പ്രാഥമിക നിഗമനത്തിൽ പോലീസും എത്തിച്ചേരുകയായിരുന്നു.
തുടർനടപടികൾക്കായി മഹസർ തയാറാക്കാൻ ഫോട്ടോ ഗ്രാഫറേയും പോലീസ് വിളിച്ചു വരുത്തി. എന്നാൽ ഫോട്ടോ ഗ്രാഫറുടെ കാമറ ക്ലിക്കിന്റേയും ഫ്ലാഷ് വെളിച്ചത്തിനുമിടയിൽ മരിച്ചെന്ന് കരുതിയയാൾ കണ്ണ് തുറക്കുകയായിരുന്നു.
ഇതോടെ നാട്ടുകാർക്കും പോലീസിനും ആശ്വാസമായി. പിന്നീട് ഇയാളെ ചികിത്സക്ക് ആശുപത്രിയിലെത്തിച്ചതായി എടുത്തല സിഐ നോബിൾ രാഷ്ട്രദീപികയോട് പറഞ്ഞു.