ഭോപ്പാൽ/മൊറേന: കുഞ്ഞനുജന്റെ വിറങ്ങലിച്ച മൃതദേഹം മടിയിൽ കിടത്തി ഈച്ചകളെ ആട്ടിയോടിക്കുന്ന എട്ടുവയസുകാരൻ. പിതാവ് ആംബുലൻസ് വിളിക്കാൻ പോയിരിക്കുകയാണ്.
മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിക്കു മുന്നിലെ ഈ ദൃശ്യം ആരുടെയും കരളലിയിക്കും. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ ദൃശ്യങ്ങളിലുള്ളത് ആശുപത്രിയുടെ മതിലിൽ ചാരിയിരിക്കുന്ന ഒരു കുട്ടിയും വെള്ളമുണ്ടുകൊണ്ട് പുതപ്പിച്ച കുഞ്ഞനുജന്റെ മൃതദേഹവുമാണ്.
കുട്ടിയുടെ ഒരു കൈ പുറത്തേക്കുവീണിട്ടുണ്ട്.അംബാ ടൗൺ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തതു പ്രകാരമാണ് ബദ്ഫാറ ഗ്രാമവാസിയായ പൂജാറാം ജാദവ് തന്റെ കുട്ടിയുമായി 30 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലെത്തിയത്.
ഞായറാഴ്ച രാവിലെയാണു സംഭവം. ഇവരെ ആശുപത്രിയിലിറക്കി ആംബുലൻസ് അംബായിലേക്കു തിരിച്ചുപോയി. കടുത്ത വിളർച്ച ബാധിച്ച് കുട്ടിയുടെ ആമാശയം ചുരുങ്ങിപ്പോയിരുന്നു.
കരച്ചിലുണ്ടായിരുന്നില്ല. അബോധാവസ്ഥയിലായിരുന്ന കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം വീട്ടിലേക്കുകൊണ്ടുപോകുന്നതിനായി പിതാവ് ആംബുലൻസിനുവേണ്ടി യാചിച്ചു.
ആശുപത്രി ജീവനക്കാരോ നഴ്സുമാരോ ഇവരെ സഹായിച്ചില്ല. ഈ സമയം കുഞ്ഞനുജന്റെ മൃതദേഹം എട്ടുവയസുള്ള മൂത്ത മകന്റെ മടിയിലിരുത്തി പൂജാറാം ആംബുലൻസിനായി പുറത്തേക്കുപോയി.
മൃതദേഹത്തിലിരിക്കുന്ന ഈച്ചകളെ ആട്ടിയോടിച്ച് തന്റെ കാൽമുട്ടുകൾ യോജിപ്പിച്ചു കുഞ്ഞനുജനെ നേരേ കിടത്താൻ പാടുപെടുന്ന എട്ടുവയസുകാരന്റെ ദൃശ്യം ഏവരെയും നൊന്പരപ്പെടുത്തി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ് കിട്ടാതായതോടെ പോലീസ് വാഹനത്തിൽ മൃതദേഹം ജാദവിന്റെ വീട്ടിലെത്തിച്ചു.
ദൃശ്യങ്ങൾ വൈറലായതോടെ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സിവിൽ സർജനു കാരണംകാണിക്കാൻ നോട്ടീസ് അയച്ചു. ജില്ലാ പഞ്ചായത്ത് സിഇഒയ്ക്ക് അന്വേഷണച്ചുമതല നല്കി.
ആശുപത്രിയിലെത്തിക്കുന്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കുട്ടി മരിച്ചെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ മൃതദേഹം നിലത്തുകിടത്തി പിതാവ് ആംബുലൻസ് വിളിക്കാൻ പോവുകയായിരുന്നുവെന്നു നരോത്തം മിശ്ര പറഞ്ഞു.
ഇവരുടെ കുടുംബത്തിനു ധനസഹായം നല്കാൻ സർക്കാർ തീരുമാനിച്ചതായും മിശ്ര കൂട്ടിച്ചേർത്തു.