അമിതമായ ജോലി പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് ഇതിന് ആക്കം മകൂട്ടുമെന്നും ആഗോള തലത്തില്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2016ല്‍ ദീര്‍ഘമായ ജോലി സമയം മൂലം 7,45,000 പേര്‍ പക്ഷാഘാതവും ഹൃദ്രോഗവും ബാധിച്ച് മരിച്ചതായി ലോകാരോഗ്യസംഘടനയും രാജ്യാന്തര തൊഴില്‍ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
2000ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ഒരാഴ്ച 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മരിയ നൈറ പറഞ്ഞു.
ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് പക്ഷാഘാത സാധ്യത 35 ശതമാനവും ഹൃദ്രോഗസാധ്യത 17 ശതമാനവും വര്‍ധിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാത്രമല്ല പുരുഷന്മാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നതും. ഇങ്ങനെ മരണപ്പെടുന്നവരില്‍ 72 ശതമാനം ആളുകളും പുരുഷന്മാരാണ്.
പുരുഷന്മാരില്‍ തന്നെ മധ്യവയസ്‌കരും അതിനു മുകളിലേക്ക് പ്രായമുള്ളവരും ആണ് മരണത്തിന് ഇരയാകുന്നതെന്നും പഠനം പറയുന്നു.
പലപ്പോഴും ജോലി നിര്‍ത്തി ദശാബ്ദങ്ങള്‍ക്ക് ശേഷമാകും ദീര്‍ഘ ജോലിയുടെ പ്രഭാവം വെളിപ്പെടുന്നതെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ചൈന,ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമ പസഫിക് മേഖല എന്നിവിടങ്ങളില്‍ ഉള്ളവരെയാണ് ഇത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നതെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.
194 രാജ്യങ്ങളില്‍ നിന്നുള്ള ഡേറ്റയാണ് പഠനത്തിനു വേണ്ടി ഉപയോഗിച്ചത്. 2000-2016 കാലഘട്ടത്തില്‍ നടന്ന പഠനം ആയതിനാല്‍ കോവിഡ് മഹാമാരിയുടെ സാഹചര്യം പഠനത്തില്‍ പ്രതിഫലിക്കുന്നില്ല.
എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സാഹചര്യവും ആഗോള സാമ്പത്തിക മാന്ദ്യവും ദീര്‍ഘ നേരത്തെ തൊഴിലുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ഇത് മരണനിരക്ക് ഉയര്‍ത്തിയേക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.