ഹരിപ്പാട്: സംസ്കരിക്കാൻ സ്ഥലമില്ലാതെ ബന്ധുക്കൾ ബുദ്ധിമുട്ടിയ വിദ്യാർഥിനിയുടെ മൃതദേഹം പാർട്ടി ഓഫീസിൽ സംസ്കരിച്ചു. ആയാപറമ്പ് പുതുമനയിൽ വാടകയ്ക്കു താമസിച്ചിരുന്ന ബൈജുവിന്റെ മകൾ അനശ്വര (ചിഞ്ചു 17)വിനെയാണ് ഇന്ന് ഉച്ചയ്ക്ക് 12ന് സിപിഎമ്മിന്റെ ചെറുതന ലോക്കൽ കമ്മറ്റി ഓഫീസ് മുറ്റത്ത് സംസ്കരിച്ചത്.
അനശ്വരയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലെന്ന പത്രവാർത്തയെ തുടർന്ന് ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും ഒത്തുകൂടി അഞ്ച്സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി നല്കാൻ ശ്രമം നടത്തിയെങ്കിലും സ്ഥലം ഉടമയ്ക്ക് പണം ഒന്നായി ഇന്നലെ തന്നെ നല്കണമെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പാർട്ടി പ്രവർത്തകർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സർക്കാർ സഹായങ്ങൾ നല്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. വ്യാഴാഴ്ചയായിരുന്നു അനശ്വര മരിച്ചത്.