കോട്ടയം/ഏറ്റുമാനൂർ: ഉറങ്ങിക്കിടന്ന വീട്ടമ്മ വെട്ടേറ്റു മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടു ഭർത്താവിനെ പോലീസ് ക്സറ്റഡിയിലെടുത്തു. പേരൂർ പൂവത്തുംമൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഓലിക്കൽ മാത്യുവിന്റെ ഭാര്യ മേരി മാത്യു (67)വാണു കൊല്ലപ്പെട്ടത്. ഭർത്താവ് മാത്യു ദേവസ്യ ( പാപ്പച്ചൻ 69)യെ ഏറ്റുമാനൂർ പോലീസ് അറസ്റ്റു ചെയ്തു. മേരിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കൊച്ചുമകൻ റിച്ചാർഡി (10)നും പരിക്കേറ്റു.
റിച്ചാർഡിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ഇടുക്കി സ്വദേശികളായ മാത്യുവും മേരിയും മകൾ ജോയ്സിനും ഭർത്താവ് സജു ജോസഫിനും കുട്ടികളായ റിച്ചാർഡിനും എഡ്വിനു (അഞ്ച്)മൊപ്പമാണു പേരൂരിൽ താമസിച്ചിരുന്നത്.
സജുവും ജോയ്സും രണ്ടുമാസം മുന്പാണു പേരൂർ പൂവത്തുംമൂടിനു സമീപം വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലാണു ജോയ്സ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രിയിൽ സജുവും ജോയ്സും എഡ്വിനും മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. പരിക്കേറ്റ റിച്ചാർഡ് മേരിക്കൊപ്പമാണു ഉറങ്ങിയിരുന്നത്. മേരിയുടെ കഴുത്തിനാണു വെട്ടേറ്റത്. മേരിയെ വെട്ടിയപ്പോൾ അടുത്തുകിടന്ന റിച്ചാർഡിന്റെ തലയ്ക്കു കത്തികൊണ്ടാണു പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു.
വീട്ടിലെ ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്നു മേരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവർ കുടുംബമായി താമസിക്കാൻ എത്തിയിട്ടു ഏറെക്കാലമാകാത്തതിനാൽ അയൽവാസികളുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. മാത്യു മിക്കസമയത്തും വീടിനുള്ളിൽ തന്നെയാണു കഴിഞ്ഞിരുന്നതെന്നും പുറത്തേക്കിറങ്ങി കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
മാത്യു മാനസികവൈകല്യമുള്ളയാളാണെ ന്നു ഭാര്യയും മകളും പറഞ്ഞിരുന്നതായും എന്നാൽ തനിക്കു രോഗിമില്ലെന്നു മാത്യു പറഞ്ഞിട്ടും ഇവർ വിശ്വസിക്കാൻ കൂട്ടാക്കാതിരുന്നതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു. കൊലപാതകം നടന്ന വീട്ടിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയാണ്. മാത്യുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.