ചാലക്കുടി: പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ വിഷം കഴിച്ച് മരിച്ചു. ചാലക്കുടി കൂടപ്പുഴ അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലെ ജീവനക്കാരനായ ചട്ടിക്കുളം സ്വദേശി മേയ്ക്കാട്ടുക്കുളം ഡേവീസ് (52) ആണ് മരിച്ചത്. കൂടപ്പുഴ അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലെ മണ്ണിര കന്പോസ്റ്റ് രാസവളം ഉപയോഗിച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലെ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് ഡേവീസിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഇന്നലെ വീട്ടിൽ വച്ച് വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു.
പോലീസ് നടപടികൾ സ്വീകരിച്ചു. നേരത്തെ സ്ഥാപനത്തിനെതിരെ വ്യാജവാർത്ത പ്രചരിപ്പച്ചതിനെ തുടർന്ന് റിസർച്ച് സ്റ്റേഷൻ അധികാരി ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. മണ്ണിര കന്പോസ്റ്റ് നശിപ്പിച്ച സംഭവത്തിൽ ഇയാളെ അധികൃതർ സംശയിച്ചിരുന്നു.