വളാഞ്ചേരി: വളാഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കൾ. വളാഞ്ചേരി ഇരിന്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ മാങ്കേരി കോളനിയിലെ ബാലകൃഷ്ണന്റെ മകൾ ദേവികയാണ് (14) ഇന്നലെ തീകൊളുത്തി മരിച്ചത്.
പണം ഇല്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിയാഞ്ഞതും സ്മാർട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല.
പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അതിനിടെ, ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കിൽ ഞാൻ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വൈകിട്ട് നാല് മണിയോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം, തിരൂർ ഡിവൈഎസ്പി കെ.എ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇരിന്പിളിയം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദേവിക. മാതാവ്: ഷീബ. ദേവനന്ദ, ദീക്ഷിത്, ഏഴു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവർ സഹോദരങ്ങളാണ്.
വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി
വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് റിപ്പോർട്ട് തേടി. വീട്ടിൽ ടിവി കേടായതിനാൽ ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത വിഷമം ദേവികയ്ക്കുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് റിപ്പോർട്ട് തേടിയത്. മലപ്പുറം ഡിഇഒയോടാണ് റിപ്പോർട്ട് തേടിയത്.