തിരുവനന്തപുരം: ലേഡി ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർ.സി.സിക്കെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിച്ചേക്കുമെന്നു സൂചന. ആർ.സി.സി അഡീ. ഡയറക്ടര്‍ ഡോ. രാംദാസാണ് അന്വേഷണം നടത്തുന്നത്.
കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവും വിദേശത്തു ജോലിചെയ്തുവരുന്നയാളുമായ ഡോ. റെജി ജേക്കബാണ് ആരോപണവുമായി രംഗത്തെത്തിയത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയുണ്ടെന്നും സോഷ്യല്‍മീഡിയയിലൂടെ ഡോക്ടര്‍ റെജി പ്രചരിപ്പിച്ചിരുന്നു.
ഇതു വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആർ.സി.സിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഈഗോയും കാര്യക്ഷമതയില്ലായ്മയും പലപ്പോഴും രോഗികള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഡോ. റെജി ആവശ്യപ്പെട്ടിരുന്നു. ലേഡി ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതലത്തില്‍ ഇന്ന് അടിയന്തരയോഗം കൂടിയതായാണ് സൂചന. അതേസമയം ഡോ. റെജിയുടെ ആരോപണവും തുടര്‍ന്നുള്ള അന്വേഷണവും വന്നതോടെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡോക്ടര്‍മാരെ ഒന്നോടെ അപകീര്‍ത്തിപ്പെടുത്താനേ ഇത് ഉപകരിക്കൂവെന്നാണ് അവരുടെ പക്ഷം. ഏതായാലും ലേഡി ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതല ഇടപെടല്‍ ഉണ്ടാകുകയും ഒരുകൂട്ടം ഡോക്ടര്‍മാര്‍ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്ത സ്ഥിതിക്ക് അഡീ. ഡയറക്ടര്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിന് പ്രത്യേക പ്രാധാന്യമുണ്ട്.