ആലപ്പുഴ: ബാക്ടീരിയ രോഗ ബാധമൂലം ചത്ത താറാവുകളുമായി ജില്ല മൃഗസംരക്ഷണ ഓഫീസിന് മുന്നിൽ കർഷകന്റെ ഒറ്റയാൾ പ്രതിഷേധം. ചെറുതന ആനാരി താനാകണ്ടത്തിൽ ദേവരാജനാണ് രോഗബാധയേറ്റ് ചത്തതാറാവുകളെ വാഹനത്തിൽ ആലപ്പുഴയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിന് മുന്നിലെത്തിച്ച് പ്രതിഷേധിച്ചത് 15,000താറാവുകളെ വളർത്തുന്ന ദേവരാജന്റെ 5000ത്തിലധികം താറാവുകൾ ഇതിനോടകം ചത്തതോടെയാണ് പ്രതിഷേധവുമായി കർഷകൻ ജില്ലാ ഓഫീസിനു മുന്നിലെത്തിയത്.
പാസ്റ്ററല്ലരോഗ ബാധയേറ്റാണ് ദേവരാജന്റെ താറാവുകൾ ചത്തത്. ഒരു മാസം മുന്പ് മൃഗാശുപത്രിയിൽ ദേവരാജൻ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വാക്സിൻ ലഭിച്ചിരുന്നില്ല. അറ്റാക്കെന്ന് കർഷകർ പറയുന്ന പാസ്റ്ററല്ല രോഗം പടർന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് താറാവുകളാണ് കർഷകൻറെ മുന്നിൽ പിടഞ്ഞുവീണ് മരിച്ചത്. പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ താറാവുകളുടെ കൂട്ടത്തോടെയുള്ള മരണം ഒഴിവാക്കാനാകുമായിരുന്നെന്നാണ് ദേവരാജൻ പറയുന്നത്.
വാക്സിൻ കർഷകർക്ക് ലഭ്യമാക്കുന്നതിൽ മൃഗസംരക്ഷണ വകുപ്പിൻറെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്നാരോപിച്ചാണ് ഇന്നലെ രാവിലെ 11. 15 ഓടെ പെട്ടി വണ്ടിയിൽ ചത്തതാറാവുകളുമായി ദേവരാജൻ എത്തിയത്. പിന്നീട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.സി. സുനിൽ കുമാറുമായി ചർച്ച നടത്തുകയും അടിയന്തിരമായി വാക്സിൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനല്കി.
ആദ്യഘട്ടമെന്ന നിലയിൽ ഇന്നലെ തന്നെ കുറച്ച് വാക്സിൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെയാണ് കർഷകൻ പ്രതിഷേധം അവസാനിപ്പിച്ചത്. കഴിഞ്ഞ 30 വർഷമായി താറാവ് വളർത്തൽ മുഖ്യതൊഴിലായി സ്വീകരിച്ചയാളാണ് ദേവരാജൻ. കുട്ടനാട് താലൂക്കിൽ രണ്ടുലക്ഷം ഡോസ് വാക്സിൻ രോഗപ്രതിരോധനത്തിനായി വേണമെന്നാണ് കണക്കാക്കുന്നത്.
അടിയന്തര നടപടി വേണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ
ആലപ്പുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താറാവുകളിലും മറ്റു പക്ഷികളിലും കണ്ടുവരുന്ന പാസ്റ്റർലാ രോഗം മറ്റിടങ്ങളിലേക്കു പടരാതിരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിനു കർഷകർ ഉപജീവനം നടത്തുന്ന പൗൾട്രി മേഖലയെ രോഗബാധ സാരമായി ബാധിക്കുമെന്നും മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും ഉണർന്നു പ്രവർത്തിക്കണമെന്നും കർഷകർക്കുണ്ടായ ആശങ്കകൾ ദൂരീകരിക്കാനും ദുരിതത്തിലായ കർഷകരെ സംരക്ഷിക്കാനും സർക്കാർ ആശ്വാസ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷറർ ആർ. രവീന്ദ്രനും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ന് മുന്നിൽ