പറവൂർ: ദുരൂഹ സാഹചര്യത്തിൽ കാണാതായ പറവൂത്തറ ഈരയിൽ ഇ.പി. ദാസന്റെ (62) മൃതദേഹം ഇന്നലെ രാത്രിയോടെ അഴുകിയ നിലയിൽ ചെങ്ങമനാട് പുഴയിൽ കണ്ടെത്തി. ഏപ്രിൽ 21ന് ഉച്ചയ്ക്കാണ് ദാസനെ കാണാതായത്. തുടർന്ന് വീട്ടുകാർ വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു.
ദാസനെ ഒരാൾ ബൈക്കിൽ കയറ്റി മാഞ്ഞാലി ഭാഗത്തേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വിവിധ പ്രദേശങ്ങളിലെ സിസിടിവി കാമറകളിൽ നിന്നും ലഭിച്ചിരുന്നു. ബൈക്കിൽ ദാസനെ കൊണ്ടുപോയ പറവൂർ കിഴക്കേപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിനെ ഏപ്രിൽ 26ന് വടക്കേക്കര പോലീസ് ചോദ്യം ചെയ്തിരുന്നു.
പോലീസ് തന്നെ മർദിച്ചതായി ആരോപിച്ച് ഇയാൾ 27ന് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തത്തി. ഇതിനിടെയാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ദാസന്റെ സ്വർണമാലയും വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്.
ചെങ്ങമനാട് എസ്ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ബന്ധുകളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായപ്പോൾ ദാസൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വായിൽ മുകളിലത്തെയും താഴ്ത്ത നിരയിലെയും പല്ലുകൾ നഷ്ടമായ അടയാളമാണ് മൃതദേഹം ദാസന്റേതുതന്നെയാണെന്ന് ഉറപ്പിച്ചത്.
മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൂർണമായി അഴുകിയിരുന്നു. ഫൊറൻസിക് പരിശോധനയടക്കമുള്ളവ അടുത്ത ദിവസം നടക്കും. സംസ്കാരം പിന്നീട്. ഭാര്യ : മഹിള. മക്കൾ: ഷാൻ (പറവൂർ നഗരസഭാ ജീവനക്കാരൻ) സുനിൽ, അനിൽ (പ്ലംബർ). മരുമക്കൾ : അശ്വതി, ലബിത.
റെ