തിരുവനന്തപുരം: ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്ത് നിന്നും മാതാപിതാക്കളും സഹോദരനും ഇന്ന് നാട്ടിലെത്തും.
നേമം അന്പലത്ത് വിള വീട്ടിൽ അബ്ദുൾ റഹിം- റഫീക്ക ദന്പതികളുടെ മകൾ ഫാത്തിമ രഹ്ന (22) ആണ് ഇന്നലെ രാവിലെ പത്തരയോടെ പനവിളയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയത്.
വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ഹോസ്റ്റലിലെ മറ്റ് കുട്ടികളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ വ്യക്തമായി.
ഫാത്തിമ രഹ്നയുടെ മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. ഫാത്തിമ രഹ്നയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കൾ വിദേശത്തായതിനാൽ ബന്ധു വീട്ടിലായിരുന്നു ഫാത്തിമ താമസിച്ചിരുന്നത്.
എട്ടു മാസം മുൻപ് പിഎസ് സി പരിശീലനത്തിന് നഗരത്തിലെ ഒരു സ്ഥാപനത്തിൽ ചേർന്നിരുന്നു. പഠന സൗകര്യത്തിനായി ബന്ധുക്കൾ ഫാത്തിമ രഹ്നയെ പനവിളയിലെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേ സമയം ഏറെ നാളായി ഫാത്തിമ രഹ്ന പിഎസ് സി പരിശീലന കേന്ദ്രത്തിൽ പോയിരുന്നില്ലെന്ന് ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടികൾ പോലീസിനോട് പറഞ്ഞു
. ഫാത്തിമ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയതാണോ കാൽ വഴുതി വീണതാണോയെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ പറയാൻ സാധിക്കുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.