തിരുവനന്തപുരം: ബന്ധുവിനെ വിമാനത്താവളത്തിൽ യാത്ര അയച്ച ശേഷം ശംഖുമുഖം കടൽക്കരയിൽ ചെലവിട്ട കുടുംബത്തിലെ ബാലിക കടൽതിരയിൽപ്പെട്ട് മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ദന്പതികളുടെ മകൾ ഫാത്തിമ (9) നെയാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ കടൽതിരയിൽപ്പെട്ട് കാണാതായത്.
ബന്ധുക്കളും പോലീസും കോസ്റ്റ് ഗാർഡും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് വെട്ടുകാട് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫാത്തിമ ഉൾപ്പെടെ പത്ത് പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് ബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയത്.
യാത്ര അയപ്പിന് ശേഷം ഏവരും കൂടി ശംഖുമുഖം കടപ്പുറത്ത് കടൽ കാണാൻ ഇറങ്ങവെയാണ് തിരയിൽപ്പെട്ട് ബാലികയെ കാണാതായത്. വലിയതുറ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.