വടക്കഞ്ചേരി: കണ്ണന്പ്ര ചൂർക്കുന്ന് ആറിങ്കൽപാടത്ത് സ്വകാര്യ വ്യക്തിയുടെ പറന്പിൽ അയൽവാസിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങും വിധമുള്ള അന്വേഷണം വേണമെന്ന് നാട്ടുകാർ. ആറിങ്കൽ പാടം വിജയന്റെ മകൻ കനകദാസി (34)നെയാണ് മറ്റൊരാളുടെ വീടിനോട് ചേർന്ന പറന്പിൽ മോട്ടോർ പുരക്ക് സമീപം മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്.
അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. യുവാവ് ധരിച്ചിരുന്ന ടീ ഷർട്ടും മുണ്ടും ചെരുപ്പും ഏതാനും വാര മാറിയാണ് കാണപ്പെട്ടത്. ഇയാൾ കന്പിയിലേക്ക് വീണിട്ടും കന്പി കെട്ടിയിരുന്ന തൊട്ടടുത്തെ ചെറിയ കുറ്റിക്കോ ഇതിനിടയിലെ മറ്റൊരു മര കുറ്റിക്കോ സ്ഥാനചലനമോ ഇളക്കമോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇത്രയും ഭാരം കന്പിയിൽ വരുന്പോൾ കന്പി കെട്ടിയ ചെറിയ ഉണങ്ങിയ കന്പ്പോലും ഇളകിയിട്ടില്ല തുടങ്ങിയ സംശയങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
പന്നി ശല്യമുള്ള പ്രദേശമാണെങ്കിലും തുറന്ന് കിടക്കുന്ന പറന്പിൽ കന്പിവലിച്ച് അതിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുന്നത് തെറ്റല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പറന്പിൽ തലങ്ങും വിലങ്ങും കെട്ടിയിരുന്ന കന്പികളും സമീപത്ത് കിടന്നിരുന്നു. ഈ കന്പികൾ വഴി വൈദ്യുത പ്രവാഹം ഉണ്ടായിരുന്നതായി പറയുന്നു. ഷോക്കേറ്റ് കരിവാളിച്ച പാടുകളും മൃതദേഹത്തിലുണ്ടായിരുന്നു. ഇടത് ഭാഗത്താണ് കൂടുതൽ കരിവാളിപ്പ് ഉള്ളത്.
തിങ്കളാഴ്ച രാത്രി എട്ടുവരെ യുവാവ് കൂട്ടുകാർക്കൊപ്പം സമീപത്തെ കുണ്ടൻചിറ ജംഗ്ഷനിലുണ്ടായിരുന്നതായി പറയുന്നുണ്ട്. ചില ദിവസങ്ങളിൽ കൂട്ടുകാരുടെ വീടുകളിൽ തങ്ങിയും കനകദാസ് പിറ്റെ ദിവസം പണിക്ക് പോകുന്ന പതിവുള്ളതിനാൽ മകനെ കാണാതായത് വീട്ടുകാരും കാര്യമാക്കിയില്ല.
ഇന്നലെ രാവിലെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുന്പോഴാണ് നാട്ടുകാരും സംഭവം അറിയുന്നത്. പഴനിയിൽ ഹോട്ടൽ പണിയായിരുന്ന യുവാവ് ഏതാനും മാസമായി നാട്ടിലാണ് പണിക്കുപോയിരുന്നത്. മാതാപിതാക്കളും സഹോദരിയുമുള്ള കുടുംബത്തിന്റെ ഉപജീവനമാർഗം യുവാവിന്റെ ജോലിയായിരുന്നു.
സ്ഥല ഉടമയുടെ വീടിനു മുന്നിൽ റോഡ് വശത്തെ വേലിയും കന്പി നെറ്റു കൊണ്ടാണ് കെട്ടിയിട്ടുള്ളത്. ഈ വഴിയിലൂടെ പോയാണ് യുവാവിന്റെ വീട്. പാലക്കാട് നിന്നും കൊണ്ടുവന്ന പോലീസ് നായ റോക്കി മൃതദേഹത്തിൽ നിന്നും മണം പിടിച്ച് ഈ റോഡിലൂടെ 200 മീറ്ററോളം ഓടി നിന്നു.
ഫോറൻസിക്, ഫിംഗർ പ്രിന്റ് എന്നീ അന്വേഷണ വിഭാഗങ്ങളും എത്തിയിരുന്നു. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, സി.ഐ. ബി.സന്തോഷ്, എസ്.ഐ ഷമീർ, പാലക്കാട് നിന്നുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. അവിവാഹിതനാണ് മരിച്ച കനകദാസൻ. അമ്മ: ലക്ഷ്മി. സഹോദരി: കവിത.