പേരൂര്‍ക്കട: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് തല്‍ക്ഷണം മരിച്ചു. നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനു സമീപം ശ്യാമളാലയത്തില്‍ ജോര്‍ജ്കുട്ടി ജോണ്‍ (74) ആണ് മരിച്ചത്. ഇന്നു രാവിലെ 6.30നായിരുന്നു അത്യാഹിതം.
പുലര്‍ച്ചെ പാല് വാങ്ങുന്നതിന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ജോര്‍ജ്കുട്ടി. നാലാഞ്ചിറയില്‍ പ്രധാന റോഡില്‍ വൈദ്യുതി കമ്പി പൊട്ടിക്കിടന്നതാണ് അത്യാഹിതത്തിനു കാരണം. രാവിലെ ശക്തമായ മഴകൂടിയായതാണ് പ്രശ്നം ഗുരുതരമാക്കിയത്. ജോര്‍ജ്കുട്ടി സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
നാലാഞ്ചിറ ജംഗ്ഷനടുത്ത് ടെയ്ലറിംഗ് ഷോപ്പ് നടത്തിവരികയായിരുന്നു. നാലാഞ്ചിറ ചെഞ്ചേരിയില്‍ ഇദ്ദേഹത്തിന്റെ പുതിയ വീടിന്റെ നിര്‍മ്മാണം നടന്നുവരുന്നുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി. മക്കള്‍: റെജി, കുഞ്ഞുമോന്, സിനു.