കാട്ടാക്കട: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ഓട്ടോ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പേയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഭജനമഠം ഗിരീഷ് ഭവനിൽ മോഹനന്റെ മകൻ ഗിരീഷ്(34) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പേയാടിനു സമീപമുള്ള ഒരു സ്ത്രീസുഹൃത്തിന്റെ വാടകവീട്ടിലായിരുന്നു ഗിരീഷ്. രണ്ടുവർഷത്തോളമായി ഇവർ അടുപ്പത്തിലാണെന്ന് വിളപ്പിൽശാല പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ കടുത്ത ഛർദിയെ തുടർന്നാണ് ഇയാൾ വിഷം കഴിച്ചിട്ടുള്ള കാര്യം സുഹൃത്തിനോടു പറഞ്ഞത്. രാവിലെ ഒൻപതോടെ ഗിരീഷിനെ പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഒരു ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം കഴിഞ്ഞ ദിവസം ഗിരീഷിനെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. വാങ്ങിയ പണം ഉടൻ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
ഗിരീഷിന്റെ സ്ത്രീ സുഹൃത്തിന്റെ അച്ഛനെ കഴിഞ്ഞ മാസം 15ന് ഇതേവീട്ടിൽ വിഷം ഉള്ളിൽ ച്ചെന്നനിലയിൽ കണ്ടെത്തുകയും തുടർന്ന് ചികിത്സയിലിരിക്കെ 19ന് മരിക്കുകയുമായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് വിളപ്പിൽശാല പോലീസ്.