ചവറ: ഭർതൃഗൃഹത്തിൽ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. യുവതിയുടെ മരണം ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം മൂലമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പോലിസിൽ പരാതി നൽകി.
കോയിവിള കിഴക്ക് ചമ്പോളിൽ തെക്കതിൽ സുരേഷ് – ബിന്ദു ദമ്പതികളുടെ മകളും കോയിവിള കരുവാ കിഴക്കതിൽ കോളനിയിൽ ലിനുവിന്റെ ഭാര്യയുമായ ഗോപിക (20)യാണ് മരിച്ചത്. കഴിഞ്ഞ 12 ന് ലിനുവിന്റെ വീട്ടിൽ കിടപ്പുമുറിയിലെ ജനലഴിയിലാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി എട്ടിന് മരിച്ചു. യുവതി ചികിത്സയിലിരിക്കെ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ യുവതിയുടെ വീട്ടുകാർ തെക്കുംഭാഗം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മജിസ്ട്രേറ്റിനെ കൊണ്ട് മൊഴിയെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി അബോധാവസ്ഥയിലായതിനാൽ കഴിഞ്ഞില്ല.
ഇരു സമുദായത്തിൽപ്പെട്ട ഇരുവരും പ്രണയത്തിലായതോടെ 2015 നവംബർ 30 നാണ് വിവാഹിതരായത്. ഇവർക്ക് ഒന്നര വയസ് പ്രായമുള്ള മകളുണ്ട് .വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ലിനുവും വീട്ടുകാരും മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
സ്ത്രീധന പീഡനമാണ് മകളുടെ മരണകാരണമെന്ന പരാതിയിൽ ലിനുവിനും ബന്ധുക്കളായ മൂന്നു പേർക്കുമെതിരെ തെക്കുംഭാഗം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.