കളമശേരി: യുവാവിന്റെ ഭീഷണി മൂലം ദേഹത്ത് സ്വയം തീകൊളുത്തിയതിനെത്തുടർന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി ചികിത്സയിരിക്കേ മരിച്ചു.
കങ്ങരപ്പടി പല്ലങ്ങാട്ടുമുകൾ ഗോപിക സാബു (17) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാർഥിനിയായ ഗോപിക വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അയൽവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സിബി (19) തന്നെ പതിവായി ശല്യപ്പെടുത്തിയിരുന്നതായി വിദ്യാർഥിനി വീട്ടിൽ അറിയിച്ചിരുന്നു.
ആത്മഹത്യയ്ക്കു ശ്രമിച്ച ദിവസം രാവിലെ ഇയാൾ കുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. തുടർന്നും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വിദ്യാർഥിനി ദേഹത്ത് തീ കൊളുത്തിയതെന്നു പറയുന്നു.
സംഭവത്തെത്തുടർന്നു സിബി റിമാൻഡിലാണ്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ഇയാൾ ലഹരിക്കും കഞ്ചാവിനും അടിമയാണെന്നു പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛൻ സാബു കുടുംബവുമായി അകന്നാണ് കഴിയുന്നത്. മാതാവ്: സിനി. നാലു വയസുകാരനായ ഗോവിന്ദ് സഹോദരനാണ്.