കൊല്ലം : കുന്നിക്കോട്ട് നഴ്സ് ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കും. ഇളന്പൽ എലിക്കോട് അജിഭവനിൽ അജിയുടെ ഭാര്യ ലിജി ജോണാണ് (34) പൊള്ളലേറ്റ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടിലെ അടുക്കളയിലാണ് കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കാണപ്പെട്ടത്. സംഭവസമയം വീട്ടിൽ ആരുമില്ലായിരുന്നു. ലിജിയുടെ മാതാപിതാക്കൾ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
മക്കളായ ആരോണും ആബേലും ട്യൂഷന് സമീപത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കുട്ടികൾ മടങ്ങിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെതുടർന്ന് സമീപവാസിയെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.
ഭർത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഇയാളും സംഭവസമയത്ത് വീട്ടിലില്ലായിരുന്നു.
ലിജി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തതാവാണെന്ന നിഗമനത്തിലാണ് പോലീസ്. മരണകാരണം വ്യക്തമായിട്ടില്ല.
ഇന്ന് ബന്ധുക്കളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പുനലൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു ലിജി. കുറെ ദിവസമായി ഇവർ ലീവിലായിരുന്നു.