പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യക്തി വൈരാഗ്യം മൂലം തന്നെ പ്രതിയാക്കാൻ ഗൂഢശ്രമം നടക്കുന്നതായി യുവാവ്.
കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ റ്റിഞ്ചു മൈക്കിളിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് ടിജിൻ ജോസഫ് ആരോപണ വിധേയനായിട്ടുള്ളത്.
2019 ഡിസംബർ 15ന് ടിജിന്റെ വീട്ടിലാണ് റ്റിഞ്ചുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും ഒരു കുഞ്ഞുമുണ്ടായിരുന്ന ടിജിനൊപ്പം നേരത്തെ വിവാഹിതയായിരുന്ന റ്റിഞ്ചു താമസിച്ചുവരികയായിരുന്നു.
ഭർത്തൃവീട്ടിൽ നിന്ന് സ്വന്ത ഇഷ്ടപ്രകാരമാണ് റ്റിഞ്ചു ഇറങ്ങിപ്പോന്നതെന്നും താൻ പോലും വീട്ടിൽ ഇല്ലാത്തദിവസമാണ് അവിടെയെത്തി താമസിച്ചതെന്നും ടിജിൻ പറഞ്ഞു.
ഭർത്തൃവീട്ടുകാരുടെ പരാതിയിൽ റ്റിഞ്ചുവിനെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും താൻ ടിജിന്റെ വീട്ടിൽ സ്വന്ത ഇഷ്ടപ്രകാരം കഴിയുകയാണെന്ന് എഴുതിവയ്ക്കുകയുമാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് റ്റിഞ്ചുവിന്റെ മാതാപിതാക്കൾ ഒരു പരാതിയും പറഞ്ഞിരുന്നില്ല. മരണശേഷം മാത്രമാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്.
യുവതി സ്വയം ജീവനൊടുക്കുകയായിരുന്നെന്നും ഇതിൽ തനിക്കു പങ്കില്ലെന്നും ടിജിൻ പറഞ്ഞു. മാതാപിതാക്കളിൽ നിന്നുള്ള ശല്യം കാരണം നഴ്സായിരുന്ന റ്റിഞ്ചുവിനു ജോലി നഷ്ടപ്പെട്ടു.
ഇതിൽ ഏറെ മനംനൊന്തിരുന്നു. ഇത്തരം ഉപദ്രവം തുടർന്നതാകാം മരണകാരണമെന്നും ശരീരത്തിലെ മുറിവുകൾ നേരത്തെ ഉണ്ടായ അപകടത്തിൽനിന്നുള്ളതാണെന്നും അസ്വസ്ഥതകൾക്കു ചികിത്സ തേടിയിട്ടുണ്ടെന്നും ടിജിൻ പറഞ്ഞു.
തന്നെ കേസിൽ കുടുക്കുകയും പെരുന്പെട്ടി എസ്ഐ ആയിരുന്ന ഷെരീഫ് ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് താൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഈ സംഭവത്തിൽ സസ്പെൻഷനിലായ ഷെരീഫ് അന്വേഷണം നേരിട്ടുവരികയാണ്. താനുമായി ചെറുപ്പം മുതലേ ഇഷ്ടത്തിലായിരുന്ന റ്റിഞ്ചുവിനെ മറ്റൊരു വിവാഹം കഴിപ്പിക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. റ്റിഞ്ചുവിന്റെ നഴ്സിംഗ് പഠനം മുടങ്ങാതിരിക്കാൻ താൻ ഗൾഫിലായിരുന്നപ്പോൾ മൂന്നുലക്ഷം രൂപ നൽകിയിരുന്നു.
ഇതിനിടെ തന്റെ വിവാഹം നടന്നുവെങ്കിലും ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അവസരത്തിലാണ് റ്റിഞ്ചു വീട്ടിലേക്കെത്തുന്നതെന്ന് ടിജിൻ പറഞ്ഞു. ആറുമാസത്തോളം തങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടുണ്ട്. ആത്മഹത്യാകുറിപ്പിലും തന്നെ കുറ്റപ്പെടുത്തുന്നതായി ഒന്നുമില്ല. യാഥാർഥ്യം മറച്ചുവച്ച് തന്നെ വേട്ടയാടാനാണ് ഇപ്പോഴും ശ്രമിക്കുന്നതെന്ന് ടിജിൻ ആരോപിച്ചു.