ചണ്ഡിഗഡ്: ഗൃഹനാഥയെയും മരുമകളെയും കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തിയ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. ഹരിയാനയിലെ അംബാല ജില്ലയിൽ ഹസൻപുരിലായിരുന്നു സംഭവം. ഹസൻപുർ സ്വദേശിയും അധ്യാപകനുമായ വിനോദ് കുമാറിന്റെ അമ്മ രാജ് ബാലയും (75) ഭാര്യ സുമനും (45) ആണ് കൊല്ലപ്പെട്ടത്.
അന്യസംസ്ഥാന തൊഴിലാളിയായ ഹരിഷ് എന്ന ആളാണ് അറസ്റ്റിലായത്. ഹരീഷിനെ എട്ടു മാസം മുമ്പാണ് വീട്ടുജോലിക്കായി വിനോദ് എത്തിച്ചത്. വിനോദ് സ്കൂളിൽപോയപ്പോഴായിരുന്നു കൊലപാതകം.
സ്കൂളിൽനിന്നും ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തിനോട് വീട്ടിലെത്തി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. വിനോദിന്റെ സുഹൃത്ത് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് സ്ത്രീകളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഹരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലേക്കുപോകാൻ ട്രെയിൻകാത്ത് റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.