ക്യൂവിൽ നിൽക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടാവുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ മണിക്കൂറുകൾ ക്യൂവിൽനിന്നു തളരുന്ന സാഹചര്യമാണ് ഉള്ളതെന്നും സോമന്റെ മരണത്തിനു കാരണം ഡോക്ടർമാരുടെ അനാസ്ഥയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കുറച്ചുനേരം സംഘർഷാവസ്ഥയും ഉണ്ടായി. പേരൂർക്കട പോലീസ് എത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
സോമന് പകർച്ചപ്പനി ബാധിച്ചിരുന്നുവെന്ന് പറയാനാവില്ലെന്നു ആശുപത്രി സൂപ്രണ്ട് ഡോ. അനിത പറയുന്നു. ക്യൂവിൽ നിൽക്കുന്നതിനിടെ മരണപ്പെട്ടയാൾ ഇടയ്ക്കിടെ നെഞ്ചുവേദനയ്ക്ക് ചികിത്സയ്ക്കെത്താറുള്ളയാളാണെന്നും ഇയാൾക്കു പനിബാധ സ്ഥിരീകരിക്കപ്പെട്ടതല്ലെന്നുമാണ് ഡോക്ടർ പറയുന്നത്. അതിനിടെ മരണപ്പെട്ട മണിയൻ പനിബാധിതനാണോയെന്ന് വ്യക്തമല്ലെന്നും സൂപ്രണ്ട് പ്രതികരിച്ചു.
മണിയനെ കരകുളത്തുനിന്ന് പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചശേഷമാണ് ഇയാൾ മരണപ്പെട്ടതെന്നും ഇത് അധികൃതരുടെ അനാസ്ഥയാണെന്നും ആശുപത്രി വികസനസമിതി അംഗം വഴയില വിജയൻ പറഞ്ഞു.
പേരൂർക്കട എസ്ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.പനിബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ഡെങ്കിപ്പനി ഉൾപ്പെടെ മാരകമായ പകർച്ചപ്പനി പടരുന്നതിനിടെ ഗവ. ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരെന്നപോലെതന്നെ സൗകര്യങ്ങളും പരിമിതമാണെന്നും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങളല്ല ഇവിടുള്ളതെന്നും ഇതിന് എത്രയും വേഗം അധികാരികൾ പരിഹാരം കാണണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.