ഹരിപ്പാട്:- കീരിക്കാട് രാമപുരം കിഴക്കേ നെടിയത്ത് വീട്ടിൽ പത്മകുമാരി (62)യെയാണ് ഇന്നലെ വൈകിട്ട് 3.30 മണിയോടെ താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.മുൻ ആംഗൻവാടി ജീവനക്കാരിയാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. അഴുകിത്തുടങ്ങിയിരുന്നു. വർഷങ്ങളായി ഭർത്താവും മകളുമായി പിണങ്ങി മാതാവ് ലക്ഷ്മിക്കുട്ടിയമ്മയോടും സഹോദരൻ മോഹൻകുമാറിന്റെ കുടുംബത്തോടുമൊപ്പമായിരുന്നു താമസം.
ഇവരുടെ ഭർത്താവ് ചന്ദ്രൻ പിള്ളയും മകൾ അപർണയും കായംകുളത്താണ് താമസം.കടുത്ത പ്രമേഹരോഗിയായ ഇവർക്ക് ഇടയ്ക്കിടെ ബോധക്ഷയമുണ്ടാകുമായിരുന്നു എന്നും പറയുന്നു. സ്ഥിരം മദ്യപാനിയായ സഹോദരൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു എന്നും ഭാര്യയേയും മകളെയും ഉപദ്രവിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു.
30-ാം തീയതി രാവിലെ 8 മണി വരെ ഇവരെ പുറത്തു കണ്ടിരുന്നുവെന്നും ഇവർ സൂക്ഷിച്ചിരുന്ന 3500 രൂപ കണ്ടില്ലെന്നും സഹോദരൻ മദ്യപിക്കാൻ എടുത്തു കൊണ്ടുപോയി എന്നു പറഞ്ഞ് നിലവിളിച്ചതായും സംസാരമുണ്ട്. ഈ കാരണത്താൽ ആഹാരവും മരുന്നും കഴിച്ചിരുന്നില്ലെന്നും സംശയമുണ്ട്. മദ്യപിച്ച് വന്ന് വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കുന്നതിനാലും പരിസരവാസികളോടു മോശമായി സംസാരിക്കുന്നതിനാലും ഇവരുടെ വീടുമായി ആർക്കും അടുപ്പമില്ലായിരുന്നു.
ഇവരുടെ 92 വയസ്സുള്ള മാതാവിന്റെ അവസ്ഥയും പരിതാപകരമാണ്. തികച്ചും മലിനവും ദുർഗന്ധപൂരിതവുമായ ചുറ്റുപാടിലുമാണ് വൃദ്ധ മാതാവ് കഴിയുന്നത്. കരീലക്കുളങ്ങര പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
പത്മകുമാരിയുടെ മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 8 മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.