വൈക്കം: ശസ്ത്രക്രിയയ്ക്കുശേഷം നല്കിയ ഇന്‍ജക്ഷനെ തുടര്‍ന്ന് ബോധരഹിതയായ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചതോടെ നഷ്ടമായത് ഒരു നിര്‍ധന കുടുംബത്തിന്റെ ആശ്രയം.ടിവിപുരം ചെമ്മനത്തുകരയിലെ പുത്രേടത്ത് നാലു സെന്റ് കോളനിയില്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചടര്‍ന്ന പണിതീരാത്ത വീട്ടിലാണ് മരണപ്പെട്ട ശോഭന ഹൃദ്രോഗിയായ ഇളയ മകള്‍ നിമിഷയ്ക്കും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു നില്ക്കുന്ന മൂത്തമകള്‍ നിഷയ്ക്കും 14 കാരന് മകന് അര്‍ജുനനൊപ്പം കഴിഞ്ഞിരുന്നത്.
12 വര്‍ഷം മുമ്പ് വികലാംഗനായിരുന്ന ഭര്‍ത്താവ് കുഞ്ഞന്‍ മരിച്ചതോടെ തളര്‍ന്നു പോയ കുടുംബത്തെ ശോഭന കൂലിവേല ചെയ്താണ് പോറ്റിയത്.പിന്നീട് പ്രമേഹം ബാധിച്ചതോടെ പണികള്‍ക്ക് പോകാനാകാതെ മൂത്തമകള്‍ നിഷ കെട്ടിടം പണിക്കു പോയാണ് കുടുംബം പുലര്‍ത്തിയത്. അനുജത്തി നിമിഷയ്ക്കുള്ള വിലയേറിയ മരുന്നുകളും അമ്മയുടെ ചികിത്സയുമൊക്കെ നിഷയുടെ ഒരാളുടെ ചെറിയ വരുമാനത്തെ ആശ്രയിച്ചായിരുന്നു.
ദൂരെ സ്ഥലങ്ങളില്‍പ്പോലും കുടുംബത്തിന്റെ ദയനീയസ്ഥിതി മുന്‍നിര്‍ത്തി പണിക്കു പോയിരുന്ന നിഷക്ക് അനുജത്തിക്കും മകനും അമ്മയുടെ കൂട്ടുണ്ടെന്ന ധൈര്യമായിരുന്നു മനോബലം നല്‍കിയിരുന്നത്.
സുഖമില്ലാത്ത സഹോദരിയേയും തിരിച്ചറിവാകാത്ത മകനേയും ഇനി ആരെ ഏല്പിച്ചാണ് അന്നംതേടി പോകുമെന്ന് ചോദിച്ച് നിഷ വിലപിക്കുമ്പോള്‍ പ്രദേശവാസികളും ആ നൊമ്പരത്തില്‍ കണ്ണീര് വാര്‍ക്കുന്നു.