ചക്കരക്കൽ(കണ്ണൂർ): അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ വീണനിലയിൽ കണ്ടെത്തി. അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞ് മരിച്ചു. ചക്കരക്കൽ സോനാ റോഡിൽ ആണ് നാടിനെ നടുക്കിയ സംഭവം. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസിൽ കെ.രാജീവന്റെ ഭാര്യ കൂത്തുപറന്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീന (36 ) യേയും കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാൻബി രാജിനേയുമാണ് ഇന്നുരാവിലെ ആറോടെ വീട്ടുകിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാൻബി രാജിനെ കണ്ണൂർ മെഡിക്കൽ കോളജ് ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂർ അഗ്നിശമനയൂണിറ്റ് സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, ഭക്തവത്സലൻ, കെ.നിജിൽ, എം.കെ.അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. ചക്കരക്കൽ സിഐ ഇ.പി സുരേശൻ, എസ്ഐ പി.കെ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സംഭവസ്ഥലത്തെത്തി.