കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സൗണ്ട് എഞ്ചിനീയറായ യുവാവിന്റെ പോസ്റ്റ് മാർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കും. എടത്തല തേവക്കൽ കൈലാസ് കോളനി മുക്കോമുറിയിൽ ജെറിൻ മൈക്കിൾ (25) ആണ് ശനിയാഴ്ച രാത്രി 11.20 ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണി കഴിഞ്ഞ് വയറുവേദനയുമായി വന്ന ജെറിന് ശരിയായ രീതിയിൽ വൈദ്യസഹായം ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
അസ്വഭാവിക മരണത്തിന് എടത്തല പോലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് രാവിലെ മുതൽ നാട്ടുകാരും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങൾ ഒരു ദിവസം മുഴുവൻ സംഘർഷഭരിതമാക്കി. ശനിയാഴ്ച രാവിലെ സുഹൃത്ത് ഷെഫിനാണ് ജെറിനെ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ ഗുളികയും കുത്തിവയ്പ്പും നിർദേശിച്ച ശേഷം രണ്ടാം നിലയിലെ എഫ് വാർഡിൽ പ്രവേശിപ്പിച്ചു.
പുറത്ത് പോയി ഉച്ചയ്ക്ക് ഒരു മണിക്ക് തിരിച്ച് വന്നപ്പോൾ ജെറിൻ വേദന കൊണ്ട് പുളയുന്ന കണ്ടു. ഉടനെ ഡ്യൂട്ടി റൂമിൽ പോയി ഇഞ്ചക്ഷൻ ലഭിക്കാത്തത് ഓർമിപ്പിച്ചപ്പോഴാണ് നഴ്സ് വൈകിയതിന് ക്ഷമ ചോദിച്ച ശേഷം കൈയ്യിലും അരയ്ക്ക് താഴെയും എടുത്തെന്നാണ് മൊഴി. പിന്നീട് വൈകീട്ട് നാലു മണിയോടെ വയറുവേദനയോടൊപ്പം 4 തവണ ഫിറ്റ്സ് വന്നു. ജെറിൻ വിവരങ്ങൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും വാട്സ് ആപ്പിലൂടെയും പോസ്റ്റ് ചെയ്ത് അറിയിച്ചു.
വിവരങ്ങൾ ഡ്യൂട്ടി നേഴ്സുമാരെ അറിയിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
നാലാമത്തെ പ്രാവശ്യം ഫിറ്റ്സ് വന്നതോടെ ഒന്നാം ബ്ലോക്കിൽ നിന്ന് ജെറിനെ ഐസിയുവിലേക്ക് മാറ്റാൻ തീരുമാനമായി. സ്ട്രച്ചർ ലഭിക്കാതെ വന്നതിനാൽ ജെറിൻ ധരിച്ച മുണ്ട് വിരിച്ച് അതിൽ കിടത്തിയാണ് ഐസിയുസിവിലേക്ക് കൊണ്ടുപോയത്. ആ സമയം ലിഫ്റ്റും പ്രവർത്തിച്ചില്ല രണ്ടാം ബ്ലോക്കിലെ നാലാം നിലയാണ് ഐസിയു. എന്നാൽ ശനി രാത്രി 11.20 ഓടെ മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിയ്ക്കുകയായിരുന്നു.
അതിനിടയിൽ ഓപ്പറേഷൻ മൂന്ന് ദിവസത്തേക്ക് നീട്ടിവച്ചതാണ് ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. മൂന്ന് ദിവസം കഴിഞ്ഞാണെങ്കിൽ ചെലവ് കുറയുമമെന്നറിയിച്ചത്രെ. സ്കാനിംഗ് യന്ത്രം കേടായതിനാൽ പുറത്താണ് നടത്തിയത്. രക്ത പരിശോധനയും പുറത്തേക്കാണ് നിർദേശിച്ചത്.
മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അതിനു ശേഷമാണ് സംസ്കാര ചടങ്ങ് തീരുമാനിക്കുകയുള്ളൂ. എറണാകുളം പച്ചാളം ഗുഡ്നസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഡിയോ എഞ്ചിനീയറിങ്ങ് വിദ്യാർഥിയാണ് ജെറിൻ. അമ്മൂമ്മ എലിസബത്തിനോടൊപ്പമാണ് ജെറിൻ തേവയ്ക്കലിൽ താമസിക്കുന്നത്. മാതാവ് ഒന്നര വയസ്സുള്ളപ്പോൾ മരണമടഞ്ഞു. പിതാവ് വീണ്ടും വിവാഹിതനാണ്. ചിറ്റമ്മ ലിയോണി രാജൻ ശനിയാഴ്ച ആശുപത്രിയിൽ ഉണ്ടായിരുന്നു.