ചങ്ങനാശേരി: പാടത്തെ വെള്ളക്കെട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. വടക്കേക്കര കടന്തോട് പരതേനായ മാത്യു(ജോസ്)വിന്റെ മകൻ ജിറ്റോ മാത്യു(17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു വടക്കേക്കര റെയിൽവേ ക്രോസിനടുത്തു പാലാത്രച്ചിറയ്ക്കടുത്തുള്ള പാടത്താണ് അപകടം. സംഘത്തിലുണ്ടായിരുന്ന അനു മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാനായി വെള്ളത്തിലിറങ്ങുന്പോഴാണു ജിറ്റോയ്ക്ക് അപകടം സംഭവിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനു മൊഴി നൽകി.
മുങ്ങിത്താണ അനുവിനെ കൂടെയുള്ളവർ ചെളിയിൽനിന്നു രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ജിറ്റോ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. റോഡിൽനിന്നു കുറച്ചകലെയായാണ് അപകടം സംഭവിച്ച ജലാശയം. അതിനാൽ സംഭവം പുറംലോകമറിയുന്നത് അര മണിക്കൂറിനു ശേഷമാണ്.
ജിറ്റോയെ രക്ഷപ്പെടുത്താൻ മറ്റു സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘത്തിൽപ്പെട്ടവർ മറ്റു സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ പോലീസിൽ സന്ദേശം നൽകുകയുമായിരുന്നു. ചങ്ങനാശേരി എസ്ഐ എം.കെ. ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി. ഇവർ പ്രധാന റോഡിൽനിന്ന് അപകടസ്ഥലത്തെത്തിയത് ഏറെ പാടുപെട്ടാണ്. ഫയർഫോഴ്സും വാഴപ്പള്ളി സ്വദേശിയായ അനൂപും ചേർന്നാണ് ആദ്യം തെരച്ചിൽ നടത്തിയത്. ഇതിനിടെ കോട്ടയത്തുനിന്നു മുങ്ങൽ വിദഗ്ധരെ എത്തിക്കാനും ശ്രമം നടത്തി.
മുങ്ങൽ വിദഗ്ധർ എത്തിയപ്പോഴേക്കും കോണ്ഗ്രസ് നേതാവും നഗരത്തിലെ വ്യാപാരിയുമായ സെബിൻ തെങ്ങുംപള്ളി വെള്ളക്കെട്ടിൽ ഇറങ്ങി മൃതദേഹം കണ്ടെത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിന്റെ ആംബുലൻസിൽ ചങ്ങനാശേരി താലൂക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ചങ്ങനാശേരി പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. ജിറ്റോ വടക്കേക്കര ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.
ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്ന പിതാവ് ജോസ് അഞ്ചു വർഷം മുന്പു മരിച്ചു. അമ്മ: ജോളി. സഹോദരങ്ങൾ: ജോബിൻ, ജീന (ഷിമോഗയിൽ നഴ്സിംഗ് വിദ്യാർഥിനി).