കൊച്ചി: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ പരിക്കേറ്റ വൃദ്ധനെ പിറ്റേന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുന്പളങ്ങി സ്വദേശി അറസ്റ്റിൽ. കുന്പളങ്ങി കുരിശുപറന്പിൽ വീട്ടിൽ ജോസഫ് (68) മരിച്ച സംഭവത്തിൽ അയൽവാസി കൊള്ളശാനി വീട്ടിൽ തോമസ് വാൾട്ടറിനെ (തന്പി-60) ആണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: മരിച്ച ജോസഫും തന്പിയും തമ്മിൽ വഴിത്തർക്കത്തെ തുടർന്നു വ്യാഴാഴ്ച രാത്രി വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. സംഘർഷത്തിൽ ജോസഫിന് കൈയ്ക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം രാത്രി ഉറങ്ങാൻ കിടന്ന ജോസഫിനെ പിറ്റേന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൈയാങ്കളിൽ മർദനമേറ്റത് മരണകാരണമായതായ റിപ്പോർട്ടിനെത്തുടർന്നാണു ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിവാകൂ. തന്പിക്കെതിരേ പള്ളുരുത്തി പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും കൈയേറ്റത്തിനും കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം, ജോസഫിന്റെ സംസ്കാരം ഇന്നു രാവിലെ നടത്തി.