ഗോഹട്ടി: ആസാമിലെ ഗോഹട്ടിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ആൾകൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എത്തിയിട്ടുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടർന്നാണ് ആൾകൂട്ടം യുവാക്കളെ പിടികൂടി മർദിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം വെസ്റ്റ് കാർബി ആംഗ്ലോംഗ് ജില്ലയിൽ ഡോക്മോകയിലായിരുന്നു സംഭവം. അഭിജിത് നാഥ്, നിലോത്പാൽ ദാസ് എന്നിവരെയാണ് ആൾകൂട്ടം കൊലപ്പെടുത്തിയത്.
ഡോക്മോകയിലേക്കു സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ആൾകൂട്ടം ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാറിലെത്തിയ ഇരുവരെയും നാട്ടുകാർ “സംശയകരമായ’ സാഹചര്യത്തിൽ കണ്ടെത്തുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.
കാറിൽനിന്ന് വലിച്ചിറക്കിയായിരുന്നു മർദനം. ഇതോടെ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടം പിടികൂടി. പിന്നീട് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ഇവരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
നിലോത്പാൽ ദാസ് അക്രമികളോട് ജീവനുവേണ്ടി യാചിക്കുന്നത് വീഡിയോയിൽ കാണാം. താൻ ആസാമിയാണെന്നും തന്നെ കൊല്ലരുതെന്നും ഇയാൾ അക്രമികളോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. നിലോത്പാൽ ദാസ് സൗണ്ട് എൻജിനീയറാണ്. മുംബൈയിലും ഗോവയിലുമാണ് ഇയാൾ പ്രവർത്തിച്ചുവന്നത്. അഭിജിത് സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു.