കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നത്. ഇതിനിടെ മോർച്ചറിക്കു മുന്നിൽ സിപിഎം കോണ്ഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ചിലർ മോർച്ചറി പരിസരത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. കേരള കോണ്ഗ്രസ് -എമ്മും സിഎസ്ഡിഎസും ബിഡിജെഎസും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ദളിത് സംഘടനകളും കേരള ജനപക്ഷവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.