കിഴക്കമ്പലം: പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.
ലോക് ഡൗൺ ആരംഭിച്ചതു മുതൽ അടഞ്ഞു കിടന്ന പെരുമ്പാവുർ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കന്പനിയുടെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്ചാർജ്പോർഷൻ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ മറ്റ് തൊഴിലാളികൾ മൃതദേഹം കണ്ടത്.
പുകക്കുഴലിനുള്ളിൽ എങ്ങനെ മൃതദേഹം എത്തിയെന്നതാണ് പോലീസിനെ വട്ടം കറക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന 50 തിലധികം വരുന്ന തൊഴിലാളികളിൽ ആരെയും തന്നെ കാണാതായിട്ടില്ലെന്ന് കമ്പനി ഉടമയും പറയുന്നുണ്ട്.
ഒന്നോ രണ്ടോ മാസം പഴക്കമാണ് മൃതദേഹത്തിനുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതു കൊണ്ടു തന്നെ ലോക് ഡൗൺ സമയത്താണ് സംഭവം നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ ആളുകളെ കാണാതായിട്ടുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ ഇവരെ കേന്ദ്രീകരിച്ചും സംശയങ്ങളുണരുന്നുണ്ട്. കൂടാതെ പെരുമ്പാവൂർ, മുതൽ പട്ടിമറ്റം വരെയുള്ള പ്ലൈവുഡ് കമ്പനികളിലധികവും അതിഥിത്തൊഴിലാളികളാണ് ജോലി ചെയ്യുന്നുന്നത്. ഇതിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും ഉണ്ടെന്നാണ് വിവരം.
എന്നാൽ മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ ഫൊറൻസിക് പരിശോധനയിൽനിന്നേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.