ചേർത്തല: സഹജീവിയെ തെരുവുനായ്ക്കൾ കടിച്ചുപറിച്ചു ഭക്ഷണമാക്കിയ നൊന്പരത്തിൽ ദേഷ്യമൊക്കെ കൂകി വിളിച്ചറിയിച്ച പൂവൻകോഴി നാട്ടുകാരുടെ കണ്ണിനെ ഈറനണിയിച്ചു. തന്റെ പ്രതിഷേധം രണ്ടാം ദിവസം പിന്നിട്ടിട്ടും അവൻ ഉച്ചത്തിൽ കൂകി അറിയിക്കുകയാണ്. ഇടയ്ക്ക് തന്റെ “ചങ്കി’ന്റെ അടുത്തുചെന്ന് ചരിഞ്ഞുനോക്കി എണീക്കുന്നുണ്ടോയെന്ന് നോക്കും.
ഇന്നു രാവിലെ ഒരു നായ വന്ന് കോഴിയെ ആട്ടിപ്പായിച്ചെങ്കിലും തന്റെ “ചങ്കി’ന്റെയടുത്തുനിന്ന് അവൻ മാറിയില്ല. ചേർത്തല നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലാണ് ഈ കാഴ്ച. ചേർത്തല ദേവിക്ഷേത്രത്തിൽ ഭക്തർ വഴിപാടായി പറത്തിയ കോഴികളിലൊന്നാണ് കഴിഞ്ഞദിവസം ചത്തത്. ക്ഷേത്രത്തിനു മുന്നിലെ വ്യാപാരസമുച്ചയത്തിൽ ഭക്ഷണംതേടുന്നതിനിടെയാണ് നായയുടെ ആക്രമണത്തിന് ഇരയായത്.
ക്ഷേത്രത്തിലെതന്നെ മറ്റൊരു പൂവൻകോഴി സുഹൃത്തിന്റെ ശരീരാവശിഷ്ടം കണ്ടതുമുതൽ അരികിൽനിന്ന് മാറാതായി. അടുത്തെത്തി കൊക്കുരുമി നോക്കുകയും വട്ടംചുറ്റുകയും ചെയ്ത പൂവൻ ഇതുവഴി പോയവരുടെ ശ്രദ്ധയാകർഷിച്ചു. ആളുകൾ അടുത്തെത്തുന്പോൾ അല്പം അകലുമെങ്കിലും ഇവൻ ചത്ത കോഴിയുടെ സമീപത്തുനിന്നു കൂടുതൽ ദൂരത്തേക്ക് മാറിയതുമില്ല, തീറ്റതേടി എവിടെയും പോയതുമില്ല. സാധാരണ ക്ഷേത്രാങ്കണംവിട്ട് പുറത്തെത്തുന്ന കോഴികൾ തീറ്റയെടുത്തശേഷം അവിടേക്ക് മടങ്ങുകയായിരുന്നു പതിവ്.