കൊച്ചി: “പഠനത്തിൽ മിടുക്കനായ കസ്തൂരിയെ ഡോക്ടറാക്കണമെന്നായിരുന്നു കൃഷ്ണസ്വാമിയുടെ ആഗ്രഹം. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിട്ടും അതു വകവയ്ക്കാതെ തമിഴ്നാട്ടിൽനിന്നു കൊച്ചിയിലേക്ക് ഉറക്കമിളച്ചുള്ള ദുരിതയാത്രയാണ് ആ ജീവൻ കവർന്നത്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു അവന്…..” -വിറച്ചു വിതുന്പിക്കൊണ്ട് കൃഷ്ണസ്വാമിയുടെ സഹോദരൻ ഗോകുൽരാജിന്റെ വാക്കുകൾ.
മകനെ നീറ്റ് പരീക്ഷ എഴുതിക്കാനായി കൊണ്ടുവന്ന തിരുവാരൂർ സ്വദേശി എസ്. കൃഷ്ണസ്വാമി(47) ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. തമ്മനം നളന്ദ പബ്ലിക് സ്കൂളിലെ പരീക്ഷാകേന്ദ്രത്തിലേക്കു മകനൊപ്പം പോകണമെന്നു കൃഷ്ണസ്വാമി ആഗ്രഹിച്ചിരുന്നുവെങ്കിലും ഇന്നലെ രാവിലെ രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നു പോകാനായില്ല.
ബന്ധുവിനൊപ്പമാണ് കസ്തൂരി പരീക്ഷാകേന്ദ്രത്തിലേക്കു പുറപ്പെട്ടത്. അച്ഛന്റെ അനുഗ്രഹം വാങ്ങി പരീക്ഷയ്ക്കായി പുറപ്പെടുന്പോൾ ഇനിയൊരിക്കലും സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ അച്ഛനൊപ്പമുണ്ടാകില്ലെന്നു കസ്തൂരി കരുതിയിരുന്നില്ല. പരീക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴും കസ്തൂരിയോടു പിതാവിന്റെ മരണവിവരം ആരും പറഞ്ഞില്ല.
എന്നാൽ, മരണവാർത്ത പരന്നതോടെ സ്കൂൾ ഗേറ്റിനു മുന്നിൽ വലിയ ആൾക്കൂട്ടമായി. ഒന്നിന് പരീക്ഷ കഴിഞ്ഞെങ്കിലും 1.40നാണ് ഗേറ്റ് തുറന്നത്. ഇതോടെ മാധ്യമങ്ങളും നീറ്റ് പരീക്ഷയ്ക്കെത്തിയ കുട്ടികളുടെ രക്ഷിതാക്കളും ഗേറ്റിനകത്തേക്ക് ഇടിച്ചുകയറി. കസ്തൂരി മഹാലിംഗത്തെയുമായി പരീക്ഷാകേന്ദ്രത്തിൽനിന്നു പുറത്തേക്കു വന്ന വാഹനത്തെ മാധ്യമങ്ങളും ജനങ്ങളും വളഞ്ഞു.
സംഭവം എന്തെന്നറിയാതെ അവൻ പരിഭ്രമിച്ചു. തുടർന്ന് അച്ഛന് സുഖമില്ലാതെ ആശുപത്രിയിലാണെന്നു പറഞ്ഞ് പോലീസ് കസ്തൂരിയെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിക്കു മുന്നിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകർ തന്റെ ദൃശ്യങ്ങൾ പകർത്തുന്പോഴും കസ്തൂരിക്ക് അറിയില്ലായിരുന്നു താൻ നടന്നുനീങ്ങുന്നതു പിതാവിന്റെ ചേതനയറ്റ ശരീരത്തിന് അടുത്തേക്കാണെന്ന്.
മോർച്ചറിയിലെത്തി പിതാവിന്റെ മൃതദേഹം കണ്ടതോടെ കസ്തൂരി തളർന്നുപോയി. മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരഞ്ഞ കസ്തൂരിയെ ആശ്വസിപ്പിക്കാൻ ആശുപത്രി അധികൃതർ വിഷമിച്ചു.
അമ്മാവനായ അൻപരശന്റെ നെഞ്ചിൽ തലചായ്ച്ച് മോർച്ചറിയിൽനിന്നു വിതുന്പിത്തളർന്ന് പുറത്തേക്കു വന്ന കസ്തൂരിയെ സമാധാനിപ്പിക്കാൻ ഇളയച്ഛൻ ഗോകുൽരാജ് അടക്കമുള്ളവർ പാടുപെട്ടു. താൻ ഡോക്ടറായിക്കാണാൻ ഒരുപാട് കൊതിച്ച പിതാവിനൊപ്പം കൈപിടിച്ചു കൊച്ചിയിലെത്തിയ കസ്തൂരി മടങ്ങിയത് പിതാവിന്റെ ചേതനയറ്റ ശരീരവുമായി.