ആറ്റിങ്ങൽ: എണ്‍പത്തഞ്ച് വയസുകാരനായ വൃദ്ധനെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കിഴുവിലം കാട്ടുംപുറം ചരുവിള പുത്തന്‍വീട്ടില്‍ കുഞ്ഞികൃഷ്ണനെയാണ് കഴുത്തിലും കൈയ്ക്കും ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ സമീപത്തെ ജംഗ്ഷനില്‍ തലമുടി വെട്ടിയ്ക്കാനായാണ് കുഞ്ഞുകൃഷ്ണന്‍ വീട്ടില്‍ നിന്നും പുറത്തുപോയത്. രാത്രി ഏറെ വൈകിയിട്ടും കുഞ്ഞികൃഷ്ണൻ തിരികെയെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് രാമച്ചംവിള ഇടയാവണം ക്ഷേത്രത്തിനു സമീപത്തെ ഏലായില്‍ രാത്രി പതിനൊന്നോടെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തിന്റെ ഭാഗവും തോള്ഭാഗത്തുനിന്ന് കൈപ്പത്തിവരെയും പട്ടി കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം.
കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമായി കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി പതിനൊന്നരയോടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രയിലേയ്ക്ക് മാറ്റി. സരോജിനിയാണ് മരിച്ച കുഞ്ഞുകൃഷ്ണന്റെ ഭാര്യ.