ഗാന്ധിനഗർ: ആറ്റിൽ ചാടി ജീവനൊടുക്കുവാൻ ശ്രമിച്ച യുവതിയെ ഭർത്താവിനും വേണ്ട. യുവതിയെ ഇനി സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു. അയ്മനം കല്ലുങ്കൽ സ്വദേശിനിയായ പത്തൊന്പതുകാരിയാണ് ഇന്നലെ ചുങ്കം പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. പന്നിമറ്റത്താണ് യുവതിയെ വിവാഹം ചെയ്തയച്ചത്. ഇതിനിടെ ഫെയ്സ്ബുക്ക് പ്രണയത്തിൽ കുടുങ്ങി തിരുവനന്തപുരത്തുള്ള ഒരു യുവാവുമായി പരിചയത്തിലായി.
ചൊവ്വാഴ്ച യുവതി പന്നിമറ്റത്തുനിന്ന് വീടുവിട്ടിറങ്ങി തിരുവനന്തപുരത്തുള്ള യുവാവിനെ തേടി പോയി. യുവതിയെ കാണാതായെന്ന് കാണിച്ച് ഭർത്താവ് ചിങ്ങവനം പോലീസിൽ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഫെയ്സ്ബുക്ക് പ്രണയത്തിൽ കുടുങ്ങിയ യുവതി തിരുവനന്തപുരത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവാവ് സ്വീകരിക്കാൻ തയാറായില്ല.
ബുധനാഴ്ച യുവതി തിരികെ പന്നിമറ്റത്തെത്തിയെങ്കിലും ഭർത്തൃ വീട്ടുകാരും സ്വീകരിച്ചില്ല. ഇതോടെ യുവതി അവിടെ നിന്നും ഇറങ്ങി. ഇതിനിടെ പോലീസ് യുവതിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചു ബന്ധപ്പെട്ടപ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്നു പറഞ്ഞു. ഇന്നലെ രാവിലെയും പോലീസ് വിളിച്ചപ്പോൾ ഉടൻ വരാമെന്നു പറഞ്ഞ ശേഷമാണ് ഉച്ചയോടെ ചുങ്കം പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്.
ചുങ്കം പാലത്തിൽ കൈവരിയിൽ ചാരി നിന്ന് ഫോണ് ചെയ്ത യുവതിയെ അതുവഴി കടന്നു പോയവർ കണ്ടിരുന്നു. ഫോണിൽ സംസാരിക്കുകയും കരയുകയും ചെയ്തതായി സമീപത്തെ വഴിയോര കച്ചവടക്കാരും കണ്ടു. യുവതി ആറ്റിൽ ചാടുമോ എന്നും സംശയിച്ചു. ഇതിനിടെയാണ് പെട്ടെന്ന് യുവതി ആറ്റിലേക്ക് ചാടിയത്. സമീപത്തെ കെട്ടിടത്തിൽ പണിക്കെത്തിയവരും കുളിക്കാൻ എത്തിയവരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
യുവതി ചാടുമെന്ന സംശയം പലർക്കും ഉണ്ടായിരുന്നതാണ് പെട്ടെന്ന് രക്ഷപ്പെടുത്താൻ ഇടയാക്കിയത്. ആരും കാണാതിരുന്നെങ്കിൽ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഇപ്പോൾ മെഡിക്കൽ കോളജിൽ സുഖം പ്രാപിച്ചു വരുന്ന യുവതിയെ വൈകാതെ സ്ത്രീ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.