കിഴക്കന്പലം: ചെന്പറക്കിയിലെ കുറ്റിക്കാട്ടിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ചതാരാണെന്നു കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുന്നതായും കൊലപാതകമാണോയെന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നു കണ്ടെത്തി. പോസ്റ്റമോർട്ടം റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളതെന്നു പോലീസ് പറഞ്ഞു. ക്ഷതം സംഭവിച്ചത് ആയുധംകൊണ്ടാണോ അല്ലെങ്കിൽ വീഴ്ചയിൽ സംഭവിച്ചതാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷണം നടത്തിവരികയാണെന്നും ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണെന്നും അധികൃതർ പറഞ്ഞു. ചെന്പറക്കിയിലെ ആളൊഴിഞ്ഞ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നുമാണു കഴിഞ്ഞ ദിവസം രാവിലെ മൃതദേഹം കണ്ടെത്തിയത്.