ആലുവ: പെരിയാറിന്റെ കൈവഴിയിൽ ആലുവ യുസി കോളജിനു സമീപം വിദ്യാഭവൻ സെമിനാരിയോടു ചേർന്നുള്ള കുളിക്കടവിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ മൃതദേഹം യുവതിയുടേതെന്നു പോലീസ് സ്ഥിരീകരിച്ചു. പുതപ്പിനുള്ളിൽ പൊതിഞ്ഞ് കരിങ്കല്ലു കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആലുവ ഈസ്റ്റ് പോലീസ് ഇന്നു കരയ്ക്കെടുത്തു ഇൻക്വസ്റ്റ് തയാറാക്കി.
കുളിക്കടവിൽ ഒഴുകിയെത്തിയ മൃതദേഹം മരക്കുറ്റിയിൽ തടഞ്ഞുനിൽക്കുകയായിരുന്നു. കണ്ടെത്തിയത് രാത്രിയിലായതിനാൽ ഇന്നു രാവിലെയാണ് പോലീസ് മൃതദേഹം പരിശോധിച്ചത്. കൊലപാതകമാണെന്ന നിഗമനത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ചൊവ്വാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.
മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അടുത്ത ദിവസങ്ങളിലായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.