കൊച്ചി: ബസിൽ കുഴഞ്ഞുവീണയാളെ ആശുപത്രിയിൽ എത്തിക്കാതെ സർവീസ് തുടർന്ന സംഭവത്തിൽ കണ്ടക്ടർക്കെതിരെ കേസെടുക്കാൻ പോലീസ് തീരുമാനം. കണ്ടക്ടറുടെ ഭാഗത്തുണ്ടായ അനാസ്ഥയെത്തുടർന്നാണു യാത്രികൻ മരിക്കാനിടയായതെന്ന കണ്ടെത്തലിനെത്തുടർന്നാണു കേസെടുക്കുന്നതെന്നു പോലീസ് വ്യക്തമാക്കി.
304 എ വകുപ്പ് പ്രകാരമാകും കേസ് രജിസ്റ്റർ ചെയ്യുക. യാത്രികർ ആവശ്യപ്പെട്ടിട്ടും ബസ് നിർത്താത്ത സംഭവത്തിൽ ഡ്രൈവർക്കു പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ ഇയാൾക്കെതിരെ പിന്നീട് കേസെടുക്കുമെന്നും അധികൃതർ പറഞ്ഞു.
എംജി റോഡ് പോളക്കുളത്ത് റീജൻസി ജീവനക്കാരനും വയനാട് സ്വദേശിയുമായ ടി.കെ. ലക്ഷ്മണൻ (40) ആണ് ബസിൽ കുഴഞ്ഞു വീണതിനെത്തുടർന്നു ചികിത്സ ലഭിക്കാതെ മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ഫോർട്ടുകൊച്ചി-ആലുവ റൂട്ടിലോടുന്ന കെഎൽ 17 സി 1300 ബസിൽ പാലാരിവട്ടത്തേക്കു പോകുന്നതിനായി ഗ്രൗണ്ട് സ്റ്റോപ്പിൽനിന്നു കയറിയ ലക്ഷ്മണൻ ഷേണായീസിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ തോളിലേക്ക് കുഴഞ്ഞു വീണു. തുടർന്ന് ഇടപ്പള്ളി എംഎജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്ഷ്മണൻ കുഴഞ്ഞു വീണതിനെ തുടർന്നു മറ്റു യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ യാതൊരു ശ്രമവും നടത്തിയില്ലെന്നാണ് ആരോപണമുയർന്നിരുന്നത്.
ഇതേതുടർന്ന് പോളക്കുളം ഗ്രൂപ്പ് അധികൃതർ എളമക്കര പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലൽ കഴിഞ്ഞ ദിവസം പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവ സമയം ബസിലുണ്ടായിരുന്ന കണ്ടക്ടർ, ഡ്രൈവർ, ഡോർ കീപ്പർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ തങ്ങളുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രാഥമിക ശുശ്രൂഷകൾ നൽകുകയും യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ശ്രമം നടത്തിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ, ഇതു പോലീസ് വിശ്വാസത്തിലെടുത്തില്ലെന്നാണു ലഭിക്കുന്ന വിവരങ്ങൾ.