തളിപ്പറമ്പ്: മകന്റെ വിവാഹദിനത്തില്‍ അമ്മ നിര്യാതയായി. എഴുത്തുകാരിയും പ്രസാധകരംഗത്തെ സ്ത്രീസാന്നിധ്യവുമായ പുളിമ്പറമ്പിലെ ലീല എം. ചന്ദ്രൻ (ലീലാമ്മ പുലിക്കുരുമ്പ 61)ആണ് ഇന്നലെ വൈകുന്നേരം നിര്യാതയായത്.
ഇവരുടെ രണ്ടാമത്തെ മകന് ശിശിര്‍ ഇന്നലെ രാവിലെയാണ് പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തില്‍ വിവാഹിതനായത്. വരനും വധുവും വീട്ടിലെത്തി അല്പസമയത്തിനുള്ളിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ലീല എം.ചന്ദ്രന് മരിച്ച ദുഃഖവാര്‍ത്തയെത്തിയത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. തളിപ്പറമ്പ് യത്തീംഖാന യുപി സ്കൂളില്‍നിന്നും വിരമിച്ച അധ്യാപികയാണ് ലീല. ഭര്‍ത്താവ് എം. ചന്ദ്രന് (റിട്ട.എക്സൈസ് ഇന്‍സ്പെക്ടര്‍). മക്കള്‍: ശരത് (ദുബായ്), ശിശിര്‍(പൂനെ). മരുമക്കള്‍: ലയ, സ്മൃതി.
ലീലാമ്മ പുലിക്കുരുമ്പ എന്നപേരില്‍ കഥകളും കവിതകളും രചിച്ചു സാഹിത്യരംഗത്ത് സജീവമായ ലീല എം. ചന്ദ്രന് സ്കൂളില്‍നിന്ന് വിരമിച്ചതിനുശേഷമാണ് 2007 ല്‍ സിഎല്‍എസ് ബുക്സ് എന്നപേരില്‍ സ്വന്തം പ്രസിദ്ധീകരണശാല ആരംഭിച്ചത്.
സ്വന്തം രചനകള്‍ ഉള്‍പ്പെടെ നൂറിലേറെ പുസ്തകങ്ങള്‍ സിഎല്‍എസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുലിക്കുരുമ്പയിലെ ആദംകുഴിയില്‍ പൈലി-പരേതയായ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മേരി ജോസഫ്, ജോര്‍ജ്, റോഷ്നി (മുംബൈ), പരേതനായ അഗസ്റ്റിൻ.