പന്തളം: കാണാതായ ഗ്രാമപഞ്ചായത്തംഗത്തിന്റെ മൃതദേഹം പത്തുദിവസമായി മോർച്ചറിയിലിരിക്കുന്പോഴും ആളെ കണ്ടെത്താൻ പോലീസ് പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം വിവാദത്തിൽ. നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞ ഉപക്ഷേപത്തിലാണ് ഉന്നതതല അന്വേഷണമെന്ന തീരുമാനം പ്രഖ്യാപിച്ചത്. പരാതി അന്വേഷിക്കുന്നതിലെ പോലീസ് വീഴ്ച കേസിൽ വ്യക്തമാകുകയും മുഖ്യമന്ത്രിയെക്കൊണ്ടുതന്നെ അപഹാസ്യമായ മറുപടി നൽകുകയുമായിരുന്നു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തംഗം മധുസൂദനൻ (44) ന്റെ തിരോധാനത്തേ തുടർന്നുള്ള സംഭവങ്ങളാണ് പോലീസിനു മാനക്കേടായത്. കഴിഞ്ഞ 15ന് ചിറ്റയം ഗോപകുമാർ എംഎൽഎയാണ് നിയമസഭയിൽ ഉപക്ഷേപം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഡിജിപിക്കു നിർദേശവും നൽകി.
എന്നാൽ കഴിഞ്ഞ നാലിനു രാത്രി ട്രെയിൻതട്ടി മരിച്ച നിലയിൽ മധുസൂദനന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയും അത് പത്തുദിവസത്തിലേറെയായി മോർച്ചറിയിൽ സൂക്ഷിച്ചുവരികയുമായിരുന്നു. മധുസൂദനനെ കാണാനില്ലെന്ന പരാതി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആറിനാണ് കൊടുമണ് പോലീസിനു നൽകുന്നത്.
അന്നുതന്നെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഫോട്ടോ സഹിതം സന്ദേശം നൽകിയതായി പറയുന്നു. ആറിനുശേഷം കണ്ടെത്തിയ അജ്ഞാതമൃതദേഹങ്ങൾ പലയിടത്തും പോലീസ് പരിശോധിച്ചതായും പറയുന്നു. എന്നാൽ നാലിനു രാത്രി എറണാകുളത്തു കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് ബന്ധപ്പെട്ടവർ അന്വേഷിച്ചില്ല.
ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ കണ്ടെത്തിയ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മുഖം വികൃതമായിരുന്നതിനാലാണ് തിരിച്ചറിയാൻ കഴിയാതെ പോയതെന്നാണ് പോലീസ് വിശദീകരണം. എളമക്കര പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെയാണ് മധുസൂദനന്റെ ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ഭാര്യ രാധാമണിയും ബന്ധുക്കളും സ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു. ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്ത് ഇന്നലെതന്നെ സംസ്കരിച്ചു.