പയ്യന്നൂര്‍: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി. അബ്ദുൾ റഷീദിന്റെ (53) മൃതദേഹം നാട്ടിലെത്തിക്കാനായില്ല. യുഎയിലെ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗത തടസവും വിമാനത്താവളമുള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ അബ്ദുള്‍ റഷീദിന്റെ ദാരുണാന്ത്യം. ഇയാള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴെവീണാണ് അപകടമെന്നാണ് സൂചന. അപകടദിവസം രാത്രി നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം.
സൗദിഅറേബ്യയില്‍ വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന ഇയാള്‍ പുതിയ സംരംഭം തുടങ്ങാനുള്ള തയാറെടുപ്പില്‍ ആറുമാസം മുമ്പാണ് അജ്മാനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പെരുമഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ. പരേതനായ എം.കെ. അഹമ്മദ്- ഖദീസു ഹജ്ജുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍: റാസി, റായിദ്, റബീഹ്. സഹോദരങ്ങള്‍: നജീബ്, റഹീം, മറിയംബി, റസിയ.