ചിറ്റൂർ (പാലക്കാട്): സേലത്തു വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ആന്തരികാവയവങ്ങൾ കവർന്നെടുത്തെന്ന സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റൊരു യുവാവിനെ സർക്കാരിന്റെ അടിയന്തര സഹായം നൽകുകയും തുടർ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തു-ദേവി ദന്പതിമാരുടെ മകൻ മണികണ്ഠൻ (24)ആണ് ഞായറാഴ്ച സേലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. യുവാവിന്റെ ആന്തരികാവയവങ്ങൾ സേലത്തെ സ്വകാര്യ ആശുപത്രിക്കാർ എടുത്തുമാറ്റിയെന്നു ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.
കെ. കൃഷ്ണൻകുട്ടി എംഎൽഎ അടക്കമുള്ളവരുടെ പരാതിയെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ ഇടപെട്ടു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേർക്ക്് വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടിരുന്നു.
മണികണ്ഠൻ ഉൾപ്പെടെ അഞ്ചുപേരാണ് അപകടത്തിൽ പെട്ടത്. സേലത്ത് ശിങ്കാരിമേളത്തിനു പോയി തിരിച്ചുവരുന്നതിനിടെ ജീപ്പ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. മണികണ്ഠന് മസ്തിഷ്കമരണം ഉണ്ടായെന്നു സഹോദരൻ മനോജ്കുമാറിനെ ആശുപത്രി അധികൃതർ അറിയിക്കുകയാ യിരുന്നു.
മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ തിരികേ നല്കുന്നതിനു ആശുപത്രി ബില്ലായി അധികൃതർ രണ്ടുലക്ഷം ആവശ്യപ്പെട്ടു. തുക നല്കിയില്ലെങ്കിൽ ശരീര അവയവങ്ങൾ നല്കണമെന്നും നിബന്ധന വയ്ക്കുകയായിരുന്നു. മറ്റു വഴികളില്ലാത്തതിനാൽ ഇതിനു സമ്മതിച്ച് ആന്തരാവയവങ്ങൾ നല്കി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നുവെന്നു മണികണ്ഠന്റെ സഹോദരൻ മനോജ്കുമാറും ബന്ധുക്കളും പറഞ്ഞു.
പണം നല്കാൻ കഴിയാത്തതിനാലാണ് ആശുപത്രി അധികൃതരുടെ നിർദേശംപാലിച്ച് അവയവദാന പത്രത്തിൽ ഒപ്പുവച്ചതെന്നും പരാതിയിലുണ്ട്. മണികണ്ഠന്റെ മരണത്തിലും അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
പരിക്കേറ്റ് കോയന്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പന്പാവാസനെ ഇന്നലെ നെല്ലിമേട്ടിലെ വീട്ടിൽനിന്നും തൃശൂർ മെഡിക്കൽ കോളജിലേക്കു ചികിത്സയ്ക്കായി മാറ്റി.
ഇന്നലെ ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷമീന പന്പാവാസന്റെ വീട്ടിലെത്തി എണ്ണായിരം രൂപ ധനസഹായം നല്കി. ശനിയാഴ്ച ആശുപത്രിയിൽ മണികണ്ഠനെ കണ്ടപ്പോൾ ശരീരത്തിൽ പറയത്തക്ക പരിക്കുകളൊന്നും കണ്ടിരുന്നില്ല.
തലയിൽ കഴുത്തിലേക്കുള്ള ഞെരന്പു മുറിഞ്ഞതായാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പിന്നീട് പെട്ടെന്ന് മരിക്കാനുണ്ടായ കാരണത്തെകുറിച്ചും കൂടുതൽ അന്വേഷണം നടത്തണമെന്ന് ആദിവാസി സംരക്ഷണസമിതി ജില്ലാ ഭാരവാഹി നീളിപ്പാറ മാരിയപ്പൻ ആവശ്യപ്പെട്ടു.
ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.കൃഷ്ണൻകുട്ടി എംഎൽഎ മുഖ്യമന്ത്രി, പട്ടികജാതി-വർഗ മന്ത്രി എ.കെ. ബാലൻ എന്നിവർക്കു പരാതി നല്കിയിരുന്നു. കൂടാതെ പാലക്കാട്, സേലം കളക്ടർമാർക്കും പരാതി അയച്ചു.